ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരേ നൂറ്റമ്പതോളം കർഷകസംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച നടത്തിയ കർഷകബന്ദിൽ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും റോഡും റെയിലും സ്തംഭിച്ചു.
ഹരിയാണയിലും പഞ്ചാബിലും പ്രതിഷേധം പൂർണബന്ദായി മാറി. പഞ്ചാബിൽ 125 പ്രദേശങ്ങളിൽ അരങ്ങേറിയ സമരത്തിൽ അവശ്യവസ്തുവിതരണവും നിലച്ചു. ഡൽഹിയിൽ കർഷകപ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചില്ല. നഗരാതിർത്തിയിൽ ഭാരതീയ കിസാൻ യൂണിയൻ നടത്തിയ പ്രതിഷേധത്തിൽ ഡൽഹി-യു.പി. ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം നിലച്ചു.
പാർലമെന്റിനു സമീപം ജന്ദർമന്തറിൽ തൊഴിലാളി-കർഷക നേതാക്കൾ കാർഷികബില്ലുകൾ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണൻ, എം.പി.മാരായ ബികാസ് രഞ്ജൻ ഭട്ടാചാര്യ, കെ.കെ. രാഗേഷ്, ബിനോയ് വിശ്വം, സി.ഐ.ടി.യു. നേതാക്കളായ തപൻസെൻ, എ.ആർ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തെ 5000 കേന്ദ്രങ്ങളിൽ കർഷകബന്ദ് നടന്നതായി കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വക്താവ് അശുതോഷ് അറിയിച്ചു.
ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് ബിഹാറിലെ പട്‌നയിൽ ട്രാക്ടർ മാർച്ച് നയിച്ചു. രാജസ്ഥാനിലെ ദുംഗാർപുർ ജില്ലയിലെ സമരത്തിനിടെ സംഘർഷമുണ്ടായി. പശ്ചിമബംഗാളിൽ മുർഷിദാബാദ്, ഹൂഗ്ലി, ബാങ്കുര, നാദിയ ജില്ലകളിലൊക്കെ പ്രതിഷേധങ്ങളുണ്ടായി. കർഷകരുടെ റോഡ് ഉപരോധത്തെത്തുടർന്ന് ഡൽഹി-അമൃത്‌സർ, ഡൽഹി-മീററ്റ്, കർണാടക-തമിഴ്‌നാട്, അയോധ്യ-ലഖ്നൗ ദേശീയപാതകളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.
Content Highlights: Farm bills protests