ന്യൂഡൽഹി: കാർഷിക ബില്ലുകൾ കർഷകർക്കെതിരാണെന്നും കോർപ്പറേറ്റുകളെ മാത്രമേ തുണയ്ക്കുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ഒറ്റക്കെട്ടായി എതിർത്തു. താങ്ങുവില ഇല്ലാതാകുമെന്നും വിപണിയിൽ കോർപ്പറേറ്റ് ഇടപെടൽ ശക്തമാകുന്നതോടെ കർഷകരുടെ വിലപേശൽശേഷി കുറയുമെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. ബില്ലുകൾ വിശദപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ഒട്ടുമിക്ക പ്രതിപക്ഷാംഗങ്ങളും ആവശ്യപ്പെട്ടു.
അതേസമയം, താങ്ങുവിലയുമായി ഇതിന് ബന്ധമില്ലെന്നും കർഷകരുടെ സ്വാതന്ത്ര്യവും സാധ്യതകളും വർധിക്കുകയാണ് ചെയ്തതെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.
ബില്ലുകളെ എതിർത്തുകൊണ്ട് സഖ്യകക്ഷിയായ എസ്.എ.ഡി. അവരുടെ മന്ത്രിയെ പിൻവലിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. ബില്ലുകളിൽ പൊതുവേ സർക്കാരിനെ പിന്തുണയ്ക്കാറുള്ള ബിജു ജനതാദൾ, ടി.ആർ.എസ്., ശിവസേന അംഗങ്ങളും കടുത്ത എതിർപ്പറിയിച്ചു. വൈ.എസ്.ആർ. കോൺഗ്രസ്, ജെ.ഡി.യു. അംഗങ്ങളാണ് ബി.ജെ.പി.യെ കൂടാതെ ബില്ലിനെ ശക്തമായി പിന്തുണച്ചത്.
കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കാനുള്ള വകുപ്പുകൾകൂടി നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കോർപ്പറേറ്റുകളുടെ ചൂഷണത്തിന് കർഷകരെ നിർദാക്ഷിണ്യം എറിഞ്ഞുകൊടുക്കരുതെന്നും കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു. ആറുവർഷത്തെ മോദി ഭരണത്തിൽ ഇരട്ടിയായത് കാർഷികോത്പന്നങ്ങളുടെ വിലയല്ല മറിച്ച്, കർഷക ആത്മഹത്യയാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുന്നതാണ് ബില്ലുകളെന്നും രാഗേഷ് പറഞ്ഞു.
ഇത്തരം വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം ആലോചിക്കേണ്ടതായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിൽ എതിർപ്പറിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേറ്റുകളോട് തുല്യനിലയിൽ വിലപേശാൻ കർഷകർക്കാവില്ലെന്നും ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും എം.വി. ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു.
താങ്ങുവില മാത്രമല്ല, സർക്കാരിന്റെ ഇടപെടൽ, പൊതുവിതരണ സമ്പ്രദായം, പൊതുസംഭരണം എന്നിവയെല്ലാം പ്രധാനമാണെന്നും ബില്ലിനെ എതിർത്തുകൊണ്ട് തൃണമൂൽ അംഗം ഡെറെക് ഒബ്രിയാൻ പറഞ്ഞു.
ഇതിനിടെ, വൈ.എസ്.ആർ. കോൺഗ്രസ് അംഗം വിജയ് സായ് റെഡ്ഡി ബില്ലിനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസിനെ വിമർശിച്ചത് ബഹളത്തിനിടയാക്കി. കോൺഗ്രസ് ഇടനിലക്കാർക്കുവേണ്ടിയുള്ള ദല്ലാൾ പാർട്ടിയാണെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. ഇത് പിൻവലിച്ച് മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു.
Content Highlights: Farm bills Parliament