ന്യൂഡൽഹി: കോർപ്പറേറ്റുകളുമായി തുല്യനിലയിൽ വിലപേശാൻ കർഷകർക്ക് സാധിക്കില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ രാജ്യസഭയിൽ പറഞ്ഞു. ഭക്ഷ്യമേഖല കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലായാൽ ഉപഭോക്താവ് നൽകുന്ന വിലയുടെ ഒന്നുമുതൽ നാലുവരെ ശതമാനം മാത്രമേ കർഷകന് ലഭിക്കൂ. കാർഷിക ബില്ലുകൾ വിശദ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും രാജ്യസഭയിൽ നടന്ന ചർച്ചയിൽ ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ എക്കാലത്തെയും കാർഷിക നയങ്ങളിൽ സമൂലമാറ്റം വരുത്തുന്നതാണ് ഇപ്പോഴത്തെ ബില്ലുകൾ. ‘ഭക്ഷണം ആദ്യം’ എന്നതിൽനിന്ന് ‘കച്ചവടം ആദ്യം’ എന്നതിലേക്കും ‘കർഷകൻ ആദ്യം’ എന്നതിൽനിന്ന് ‘കോർപ്പറേറ്റുകൾ ആദ്യം’ എന്നതിലേക്കും നയങ്ങൾ മാറുകയാണ്. സർക്കാർ പിൻവാങ്ങുകയും കോർപ്പറേറ്റുകൾ പടികടന്നെത്തുകയും ചെയ്യും. താങ്ങുവില ഇല്ലാതാക്കുകയാണ് ഇതിന്റെ യഥാർഥ ഉദ്ദേശ്യം.
ബില്ലിൽ അടിസ്ഥാനമാക്കുന്ന ‘ഒരുരാജ്യം, ഒരു കാർഷിക വിപണി’ എന്ന മുദ്രാവാക്യവും ശരിയല്ല. ഓരോ സംസ്ഥാനത്തിനും കാർഷിക വിളകൾക്കും അതിന്റേതായ തനത് സ്വഭാവങ്ങളുണ്ടാകും. അവയെ ഒന്നായി കാണാനാവില്ല. അതുകൊണ്ടാണ് രാഷ്ട്രനിർമാതാക്കൾ കൃഷിയെ സംസ്ഥാനപട്ടികയിൽ ഉൾപ്പെടുത്തിയത്. ബില്ലിന് അന്തസ്സംസ്ഥാന കച്ചവടവുമായി ബന്ധമുണ്ടെന്നതാണ് സർക്കാരിന്റെ ന്യായം. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഫെഡറലിസത്തിനു നേരെയുള്ള ഏറ്റവും ശക്തമായ ആക്രമണമാണിതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
Content Highlights: Farm bills MV Shreyams Kumar MP