ഭുവനേശ്വർ: ഇരുപതുവർഷത്തിനുശേഷം ഇന്ത്യയിൽ വീശിയ ശക്തമായ ചുഴലിക്കൊടുങ്കാറ്റിൽ ഒഡിഷയിൽ വ്യാപകനാശനഷ്ടം. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് ഒഡിഷ തീരംതൊട്ട ‘ഫോനി’ (പാമ്പിൻപത്തി എന്നതാണ് ഈ ബംഗ്ലാദേശി വാക്കിന്റെ അർഥം) ചുഴലിക്കാറ്റ് പുണ്യനഗരമായ പുരിയിലും തലസ്ഥാനമായ ഭുവനേശ്വറിലും നാശംവിതച്ചു. കാറ്റിന്റെ രൗദ്രത മുൻകൂട്ടിക്കണ്ട് 11 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതിനാൽ ആളപായം മൂന്നിൽ ഒതുങ്ങി.

ആദ്യമണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിൽ വീശിയ ചുഴലിക്കാറ്റിൽ ആയിരക്കണക്കിനു വീടുകൾ തകർന്നു. പേമാരിയിൽ ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിലായി. കാറ്റിന്റെ തീവ്രത പിന്നീട് മണിക്കൂറിൽ 130 കിലോമീറ്ററായി കുറഞ്ഞു.

പുരി ജില്ലയിലെ മൂന്നിടങ്ങളിലാണ് മൂന്നുപേർ മരിച്ചതെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്പെഷ്യൽ റിലീഫ് കമ്മിഷണർ ബി.പി. സേഥി അറിയിച്ചു. പുരിയിൽ മരം കടപുഴകിവീണ് ആൺകുട്ടിയും നയാഗഢിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അടർന്നുവീണ് സ്ത്രീയും മരിച്ചു. കേന്ദ്രാപഡ ജില്ലയിൽ ദുരിതാശ്വാസകേന്ദ്രത്തിലെത്തിച്ച സ്ത്രീ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

ഭുവനേശ്വറിൽ ഒട്ടേറെ മരങ്ങൾ കടപുഴകുകയും വീടുകളുടെ മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ ദുരന്തപ്രതികരണസേന (എൻ.ഡി.ആർ.എഫ്.) ഡി.ഐ.ജി. രൺദീപ് റാണ പറഞ്ഞു. പുരി, ഭുവനേശ്വർ ജില്ലകളിൽ വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നു. കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ ഇവ പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ പറഞ്ഞു.

എൻ.ഡി.ആർ.എഫ്., നാവികസേന, തീരരക്ഷാസേന, കരസേന, വ്യോമസേന എന്നിവയുടെ സംഘങ്ങൾ രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 45 പേർ വീതം ഉൾപ്പെടുന്ന 60 എൻ.ഡി.ആർ.എഫ്. സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരരക്ഷാസേനയും ആറുവീതം കപ്പലുകളും വ്യോമസേന രണ്ട് സി-17 ഹെലിക്കോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

ഭുവനേശ്വറിലെ ‘എയിംസി’ൽ ഞായറാഴ്ച തുടങ്ങാനിരുന്ന പി.ജി. പരീക്ഷകൾ റദ്ദാക്കിയതായും ഇവ പിന്നീട് നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊൽക്കത്ത-ചെന്നൈ റൂട്ടിൽ ശനിയാഴ്ചവരെ 220 തീവണ്ടികൾ റദ്ദാക്കി. ഭുവനേശ്വർ, കൊൽക്കത്ത വിമാനത്താവളങ്ങൾ ശനിയാഴ്ച വൈകീട്ടുവരെ അടച്ചിട്ടു.

ഫോനി നിലം തൊടുന്നതിനുമുമ്പേ ഒഡിഷയിലെ 10,000 ഗ്രാമങ്ങളിലും 52 പട്ടണങ്ങളിലുംനിന്ന് 11 ലക്ഷംപേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. 4000-ൽപ്പരം സുരക്ഷിതകേന്ദ്രങ്ങളിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടുന്നതിന്‌ പ്രത്യേകമായി രൂപകൽപ്പനചെയ്ത 880 കേന്ദ്രങ്ങളും ഇതിലുൾപ്പെടും.

600 ഗർഭിണികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. അടിയന്തരസാഹചര്യം നേരിടുന്നതിന്‌ 500 ആംബുലൻസുകൾ സജ്ജമാക്കി. മുൻകരുതലായി 242 ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ഒഡിഷ സർക്കാർ അറിയിച്ചു.

കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്തമഴ പെയ്യുന്നുണ്ട്. അടിയന്തരസാഹചര്യം നേരിടുന്നതിനുള്ള പ്രവർത്തനത്തിനു നേതൃത്വം നൽകാനായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ 48 മണിക്കൂർ റദ്ദാക്കി.

ഒഡിഷ തീരം വിട്ടുനീങ്ങുന്ന ഫോനി ശനിയാഴ്ച രാവിലെയോടെ ബംഗ്ലാദേശ് തീരം തൊടുമെന്നാണ് കരുതുന്നത്. കൊയ്റ, ധകോപ്, ഖുൽന എന്നീ തീരദേശ ജില്ലകളിൽനിന്ന് അഞ്ചുലക്ഷമാളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തുറമുഖങ്ങൾ അടച്ചു.

2013-ലാണ് ഇതിനുമുമ്പ് ഒഡിഷയിൽ ശക്തമായ ചുഴലിക്കാറ്റുവീശിയത്. അന്ന് ‘ഫൈലിൻ’ ചുഴലിക്കാറ്റിൽ അമ്പതോളംപേർ മരിച്ചു. 1999-ലാണ് ഒഡിഷയിൽ ഇതിനുമുമ്പ് ഏറ്റവും ശക്തമായ ചുഴലിക്കാറ്റു വീശിയത്. ഇതിൽ പതിനായിരത്തോളം പേർ മരിക്കുകയുണ്ടായി.

1000 കോടി രൂപയുടെ കേന്ദ്രസഹായം

ഫോനി ചുഴലിക്കാറ്റിൽപ്പെട്ട സംസ്ഥാനങ്ങൾക്ക്‌ 1000 കോടി രൂപയുടെ മുൻകൂർസഹായം അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Content Highlights:Fani  Cyclone three people died