ഭുവനേശ്വർ: ഒഡിഷയിൽ വെള്ളിയാഴ്ച സംഹാരതാണ്ഡവമാടിയ ഫോനി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായത് 12 പേർക്ക്. 160 പേർക്ക്‌ പരിക്കേറ്റു. കാറ്റിലും മഴയിലും നാശമുണ്ടായ 10,000 ഗ്രാമങ്ങളിലും പട്ടണങ്ങളിലും രക്ഷാ-പുനരധിവാസപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടോടെ ദുർബലമായ ഫോനി ബംഗാളിലേക്കുനീങ്ങിയെങ്കിലും കനത്ത മഴ പെയ്തതല്ലാതെ ആളപായമുണ്ടായില്ല.

വെള്ളിയാഴ്ച മരിച്ച എട്ടുപേരെക്കൂടാതെ മയൂർഭഞ്ജ് ജില്ലയിൽ വിവിധ ഇടങ്ങളിലായി മരംവീണ് നാലുപേർകൂടി മരിച്ചതായി ജില്ലാ എമർജൻസി ഓഫീസർ എസ്.കെ. പതി ശനിയാഴ്ച പറഞ്ഞു.

മുഖ്യമന്ത്രി നവീൻ പട്നായിക് ദുരന്തമേഖലകൾ ഹെലികോപ്റ്ററിൽ നിരീക്ഷിച്ചു. 12 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റാൻ നിസ്വാർഥമായി പ്രവർത്തിച്ചതിന് സന്നദ്ധപ്രവർത്തകർ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് മുഖ്യമന്ത്രി നന്ദിപറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ ഫോണിൽവിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസഹായം തുടർന്നുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രധാനമന്ത്രി ദുരന്തബാധിതമേഖലകൾ സന്ദർശിച്ചേക്കും.

രണ്ടായിരത്തോളം സന്നദ്ധപ്രവർത്തകർ, സന്നദ്ധസംഘടനകൾ, ദേശീയ ദുരന്തനിവാരണസേനാംഗങ്ങൾ, ഒഡിഷ ദുരന്തപ്രതികരണ കർമസേന, ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

* പുരി, ഖൊർധ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടം

* കട്ടക്, ഭദ്രക്, കേന്ദ്രാപര, ജഗത്‌സിങ്പുർ, ബലേശ്വർ, മയൂർഭഞ്ജ്, കേന്ദുഝർ, ഢേക്നാൽ, നയാഗഢ് എന്നിവടങ്ങളിലും സാരമായ നാശമുണ്ടായി

* പുരിയിലും ഖൊർധയിലും വൈദ്യുതിവിതരണം പൂർണമായി നിലച്ചു. ഭുവനേശ്വറിൽ 10,000 വൈദ്യുതിത്തൂണുകൾ നിലംപൊത്തി

* 4000 ദുരിതാശ്വാസകേന്ദ്രങ്ങളാണ് സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നത്.

* ഏക്കർകണക്കിന്‌ സ്ഥലത്തെ കൃഷിനശിച്ചു

* ആന്ധ്രാപ്രദേശിൽ കനത്തമഴയിൽ ശ്രീകാകുളം ജില്ലയിൽ റോഡ്ഗതാഗതം തടസ്സപ്പെട്ടു. കൃഷി നശിച്ചു

* കാലാവസ്ഥ മോശമായതിനാൽ വടക്കുകിഴക്കൻ മേഖലയിൽ 79 വിമാനസർവീസുകൾ റദ്ദാക്കി.

* ഇവിടെ ഞായറാഴ്ച കനത്തമഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

* കൊൽക്കത്ത-ചെന്നൈ റൂട്ടിൽ റദ്ദാക്കിയ 220 തീവണ്ടി സർവീസുകൾ പുനരാരംഭിച്ചു

Content Highlights: fani cyclone relief