ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റ് സാമൂഹികമാധ്യമങ്ങളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കി. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റാണ് നീക്കിയത്. ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ നേരത്തേ രാഹുലിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വിവാദ പോസ്റ്റിൽ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശകമ്മിഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ്‌ നടപടി.

തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കംചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുലിനെ അറിയിച്ചു. ഈ പോസ്റ്റുകൾ നീക്കംചെയ്യണമെന്ന് അദ്ദേഹത്തോട് ഫെയ്സ്ബുക്ക് നേരത്തേ ആവശ്യപ്പെട്ടിരുന്നു

പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുവയസ്സുള്ള പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ കാണുകയും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.