മുബൈ: വിമാനത്തിനുള്ളിൽ മുഖാവരണം കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.). തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും ലംഘനം തുടരുകയാണെങ്കിൽ അവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരൻ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.

വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നതു മുതൽ ലക്ഷ്യസ്ഥാനത്തെത്തി പുറത്തുപോകുന്നതുവരെ നിബന്ധനകൾ പാലിക്കാതെ ചിലർ യാത്ര ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ശനിയാഴ്ച പ്രസ്താവനയിൽ ഡി.ജി.സി.എ. വ്യക്തമാക്കി.

യാത്രക്കാർ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അസാധാരണ സാഹചര്യത്തിൽ അല്ലാതെ മുഖാവരണം മൂക്കിനു താഴേക്ക് മാറ്റരുത്. മുഖാവരണം ധരിക്കാതെ ആരും അകത്തേക്ക് കടക്കുന്നില്ലെന്ന് സി.ഐ.എസ്.എഫും പോലീസും ഉറപ്പാക്കണം. വിമാനത്താവള പരിസരത്ത് എല്ലാ യാത്രക്കാരും മുഖാവരണം ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എയർപോർട്ട് ഡയറക്ടർ അല്ലെങ്കിൽ ടെർമിനൽ മാനേജർ ഉറപ്പുവരുത്തണം. ഏതെങ്കിലും യാത്രക്കാരൻ ഇത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ താക്കീത് നൽകിയ ശേഷം സുരക്ഷാ ഏജൻസികൾക്ക് കൈമാറണം. ആവശ്യമെങ്കിൽ നിയമ നടപടിയും സ്വീകരിക്കാം. തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും ഏതെങ്കിലും യാത്രക്കാരൻ വിമാനത്തിനുള്ളിൽ മുഖാവരണം ധരിക്കാൻ വിസമ്മതിച്ചാൽ, യാത്ര പുറപ്പെടുന്നതിനു മുൻപ് അവരെ പുറത്താക്കാം.

Content Highlights: Face Mask DGCA