ന്യഡല്‍ഹി: വിവാഹേതര ബന്ധത്തിൽ പുരുഷനെമാത്രം കുറ്റക്കാരനായി കാണുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന്‌ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

“വിവാഹബന്ധത്തിന്റെ സംശുദ്ധി നിലനിർത്തണമെന്നത്‌ ശരിതന്നെ. എന്നാൽ, ഭരണഘടനയുടെ 14-ാം വകുപ്പിന്‌ (തുല്യത) വിരുദ്ധമായി നിയമമുണ്ടാക്കുന്നതെങ്ങനെയാണ്. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാളുമായുള്ള ബന്ധം ഭർത്താവിന്റെ സമ്മതത്തെ ആശ്രയിച്ചാണെന്നത് ഏകപക്ഷീയമായ വ്യവസ്ഥയാണ്” -ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമാക്കുന്ന 158 വർഷം പഴക്കമുള്ള 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പ്രവാസിമലയാളി ജോസഫ് ഷൈൻ നൽകിയ ഹർജിയാണ് ബെഞ്ച് പരിശോധിക്കുന്നത്.

ഒരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷൻ കുറ്റക്കാരനാകുന്നതാണ് ഈ വകുപ്പ്. ഭർത്താവ് പരാതിപ്പെട്ടാൽ ഭാര്യയുമായി ബന്ധപ്പെട്ടയാൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കുകയും ഭാര്യയെ ഇരയായിക്കണ്ട്‌ വെറുതേവിടുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ വകുപ്പ്. ഒട്ടുമിക്ക രാജ്യങ്ങളിലും വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമല്ലെന്നിരിക്കെ ഇവിടെയും അങ്ങനെയല്ലാതാക്കണമെന്നാണ് ഹർജിയിലെ വാദം. അതേസമയം, വിവാഹമോചനത്തിനുള്ള സിവിൽ കുറ്റമായി നിലനിർത്താം.

വിവാഹേതരബന്ധം കുറ്റകരമാക്കുന്നത്‌ വിവാഹബന്ധത്തിന്റെ സംശുദ്ധി നിലനിർത്താൻ ആവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വിവാഹിതനായ പുരുഷൻ അവിവാഹിതയുമായി പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടാലും വിവാഹബന്ധത്തിന്റെ സംശുദ്ധിയെ ബാധിക്കില്ലേയെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. ജസ്റ്റിസ് നരിമാനും അതിനോട്‌ യോജിച്ചു. ഭർത്താവിന്റെ സമ്മതത്തോടെ ഭാര്യയുമായി മറ്റൊരാൾക്ക്‌ ബന്ധപ്പെടാമെന്നുവരുമ്പോഴാണ് ഈ വകുപ്പ് അസംബന്ധമാകുന്നതെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര നിരീക്ഷിച്ചു. ഇത്തരം സമ്മതത്തിനെ അംഗീകരിക്കാനാവില്ലെന്ന് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയും ചൂണ്ടിക്കാട്ടി.

ലൈംഗികസ്വകാര്യത എന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഹർജിക്കാരനുവേണ്ടി അഡ്വ. കാളീശ്വരം രാജ് വാദിച്ചു. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല, സമ്മതത്തോടെയല്ലാത്തത് ബലാത്സംഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ചൊവ്വാഴ്ച വാദിക്കും.