മുംബൈ: മുംബൈ-ഡൽഹി എക്‌സ്‌പ്രസ് വേ പണി പൂർത്തിയാവുന്നതോടെ മുംബൈയിൽനിന്ന് ഡൽഹിയിലേക്കുള്ള ദൂരം 220 കിലോമീറ്ററോളം കുറയും. വാഹനങ്ങൾക്ക് മണിക്കൂറിൽ 120 കിലോ മീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ആറുമുതൽ എട്ടുവരെ ലൈനുകളിലുള്ള കോൺക്രീറ്റ് റോഡ് ആയിരിക്കും ഇത്. നേരത്തെ താനെയിൽ അവസാനിപ്പിക്കാനിരുന്ന എക്‌സ്‌പ്രസ് വേ മുംബൈയുടെ സമീപം റായ്ഗഢ് ജില്ലയിലെ ജവാഹർലാൽ നെഹ്രു പോർട്ട്ട്രസ്റ്റ് വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് 15,000 കോടി രൂപ അധിക ചെലവുവരും.

മഹാരാഷ്ട്രയിൽ റോഡ് പണിയുന്നതിന് 7,000 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാന സർക്കാർ അംഗകരിച്ചിട്ടുണ്ടെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സംസ്ഥാനത്ത് 1,035 കിലോമീറ്റർ നീളത്തിൽ ദേശീയപാത പണിയാനാണ് ഉദ്ദേശിക്കുന്നത്. 429 കോടി രൂപചെലവിൽ അഞ്ച്‌ വലിയപാലങ്ങളും 10 ചെറിയ പാലങ്ങളും പുതുക്കിപ്പണിയും. ഭൂമിയേറ്റെടുക്കൽ ചെലവിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനസർക്കാർ വഹിക്കണം. എന്നാൽ സംസ്ഥാനസർക്കാർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. നിർമാണത്തിനാവശ്യമായ സിമന്റ്, സ്റ്റീൽ എന്നിവയുടെ സംസ്ഥാന ജി.എസ്.ടി. ഒഴിവാക്കുകമാത്രമാണ് അവർ ചെയ്തത്. -ഗഡ്കരി പറഞ്ഞു.

Content Highlights: Expressway to cut Mumbai-Delhi distance by over 220km