: മോദി തരംഗം വീശിയടിച്ച 2014 ൽ പ്രധാന എക്സിറ്റ് പോൾ ഫല പ്രവചനങ്ങളെല്ലാം കൃത്യമായി. മോദിക്കും ബി.ജെ.പി.ക്കും വൻ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സർവേകൾ ഏറക്കുറെ സത്യമായി.

2014 ൽ സർവേകൾ പൊതുവേ എൻ.ഡി.എക്ക് 249 മുതൽ 340 വരെ സീറ്റുകളും യു.പി.എ.യ്ക്ക് 70-148 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. എ.ബി.പി-നീൽസൺ സർവേ ബി.ജെ.പി.ക്ക് 281 സീറ്റുകളാണ് പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലവുമായി ഏറെ അടുത്തുനിന്ന പ്രവചനം എ.ബി.പിയുടേതായിരുന്നു. അന്ന് ബി.ജെ.പി. നേടിയത് 282 സീറ്റുകൾ. എന്നാൽ കോൺഗ്രസിന് നൽകിയ സീറ്റെണ്ണത്തിൽ പിഴച്ചു. കോൺഗ്രസ് 92 മുതൽ 102 സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ കോൺഗ്രസിന് ലഭിച്ചത് 44 സീറ്റുകൾ.

2014 ൽ ഇന്ത്യ ടുഡെ-സിസെറോ ബി.ജെ.പി.ക്ക്് 261-283 സീറ്റുകളും കോൺഗ്രസിന് 110-120 സീറ്റുകളും പ്രവചിച്ചു.

അതേസമയം, 2004-ലും 2009-ലും നടന്ന എക്സിറ്റ് പോൾ ഫലങ്ങൾ പാളിപ്പോയ ചരിത്രവും ദേശീയരാഷ്ട്രീയത്തിന് മുന്നിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണത്തിന്റെ പിന്തുണയിൽ ബി.ജെ.പി. ഭരണത്തിൽ തിരിച്ചുവരുമെന്നായിരുന്നു 2004 ൽ മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ. അധികാരമേറി.

2009 ൽ യു.പി.എ.ക്ക് ക്ഷീണമുണ്ടാകുമെന്ന എക്സിറ്റ് പോൾ നിരീക്ഷണങ്ങളും പാളിപ്പോയ പരീക്ഷണങ്ങളായി. ഇക്കുറി പ്രവചനം യാഥാർഥ്യമാകുമോ എന്നറിയാൻ ഈ മാസം 23 വരെ കാത്തിരിക്കണം.

Content highlights: Exit poll failed in 2004 but near to the result in 2014