ന്യൂഡൽഹി: എക്സിറ്റ്പോൾ ഫലങ്ങൾ വിശ്വസിക്കാമെങ്കിൽ ഇതു മോദി തരംഗമല്ല; പശ്ചിമ-ഉത്തര ഇന്ത്യയിലും കിഴക്കൻ മേഖയിലും നിശ്ശബ്ദമായി ആഞ്ഞടിച്ച മോദി സുനാമിയും ചുഴലിയുമാണ്. ഈ സു‘നമോ’ ഇനി ദേശീയരാഷ്ട്രീയത്തിന്റെ അർഥവും ആകാരവും പുനർനിർവചിക്കും.

എക്സിറ്റ്പോൾ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്നത് യുക്തിസഹമല്ല. എങ്കിലും പത്തിൽ ഒമ്പതും ബി.ജെ.പിക്കു വ്യക്തമായ ഭൂരിപക്ഷവും ആറെണ്ണം 300-ലധികം സീറ്റും പ്രവചിച്ചിരിക്കെ, യഥാർഥഫലം ഇവയ്ക്ക് അടുത്തുവരുമെന്ന് അനുമാനിക്കാം. 300-ലേറെ സീറ്റു ലഭിക്കുമെന്ന് പ്രചാരണം കഴിഞ്ഞ് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് അതിരുകടന്ന ആത്മവിശ്വാസമായേ പലരും കണ്ടുള്ളൂ.

2014-ൽ ‘വേവ് ഇലക്‌ഷൻ’ എന്നു വിശേഷിപ്പിക്കുന്ന തരംഗം പ്രകടമായിരുന്നു. യു.പി.എ. സർക്കാരിനെതിരായ ജനവികാരത്തിന്റെ പശ്ചാത്തലത്തിൽ സംശുദ്ധഭരണവും ഗുജറാത്തു മാതൃകയും വികസനവും ഉയർത്തി, നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് അന്നു ബി.ജെ.പി. നടത്തിയത്.

പ്രധാനമന്ത്രിയായ മോദി അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും ജനങ്ങളെ സമീപിച്ചപ്പോൾ ഭരണവിരുദ്ധ വികാരം പ്രകടമല്ലായിരുന്നു. നോട്ടസാധുവാക്കലും കാർഷിക, ഗ്രാമീണ പ്രതിസന്ധിയുമൊന്നും ദേശീയതലത്തിൽ പൊതുവായ പ്രചാരണവിഷയമായില്ല. ബാലാകോട്ടും ദേശസുരക്ഷയും ആയിരുന്നു ബി.ജെ.പി.യുടെ പ്രചാരണത്തിന്റെ കാതൽ.

ഇതോടൊപ്പം മറ്റുചില ഘടകങ്ങളും മോദിയുടെ വ്യക്തിപ്രഭാവവും കൂടി ചേർന്നപ്പോൾ 2014-ലേതിനെക്കാളും വലിയ തരംഗമായി അതു മാറിയെന്നുവേണം കരുതാൻ. എന്നാൽ തരംഗത്തിന്റെ ലക്ഷണം എവിടെയും ദൃശ്യമായിരുന്നില്ല. ജാതി സമവാക്യങ്ങൾ നോക്കിയുള്ള കണക്കുകൂട്ടലുകളും സാമ്പ്രദായികരീതിയിലുള്ള മുൻകൂർ വിലയിരുത്തലുകളും തകർത്തെറിഞ്ഞാണ് ബി.ജെ.പി. പഴയകോട്ടകൾ നിലനിർത്തിയതും പുതിയ മേഖലകളിൽ സ്വാധീനമുണ്ടാക്കിയതും.

സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും ജനങ്ങൾ വ്യത്യസ്തമായാണ് സമീപിച്ചതെന്നുവേണം വിലയിരുത്താൻ. ഏതാനും മാസംമുമ്പ് കോൺഗ്രസ് ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങൾപോലും ബി.ജെ.പി. തൂത്തുവാരി. കർണാടകത്തിലും അതുതന്നെയാണു സ്ഥിതി. കഴിഞ്ഞകൊല്ലം ആദ്യം കോൺഗ്രസ്-ജനതാദൾ സഖ്യത്തിന്റെ സർക്കാരുണ്ടായി.

ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ്പോൾ പ്രകാരം അവിടെ 28 സീറ്റിൽ 21 മുതൽ 25 വരെ സീറ്റ് ബി.ജെ.പി.ക്കു ലഭിക്കും. നിയമസഭയിലേക്കുകൂടി തിരഞ്ഞെടുപ്പു നടന്ന ഒഡിഷയിലും ഇതുതന്നെയാണ്‌ സ്ഥിതി. അവിടെ 147 അംഗ നിയമസഭയിൽ ബിജു ജനതാദളിന് (ബി.ജെ.ഡി.) 80-നും 100-നുമിടയിൽ സീറ്റുകിട്ടുമെന്നാണു പ്രവചനം. ലോക്‌സഭയിൽ ബി.ജെ.ഡിക്കു രണ്ടുമുതൽ ആറുവരെ സീറ്റു മാത്രമേ ലഭിക്കൂ. ബി.ജെ.പിക്ക് 15-നും 19-നുമിടയിൽ സീറ്റു കിട്ടുമെന്നാണ് പ്രവചനം.

കർണാടകം ഒഴികെയുള്ള ദക്ഷിണേന്ത്യ മാത്രമാണ് ഇപ്പോഴും ബി.ജെ.പി.ക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്ത മേഖല. എൻ.ഡി.എ.യെ നേരിടാൻ ദേശീയതലത്തിൽ പൊതുവായ പ്രതിപക്ഷസഖ്യമോ നരേന്ദ്ര മോദിക്കു പകരം പ്രചാരണത്തിൽ ഉയർത്തിക്കാട്ടാൻ വേറൊരു പ്രധാനമന്ത്രി സ്ഥാനാർഥിയോ ഉണ്ടായിരുന്നില്ല. പ്രതിപക്ഷൈക്യം ഉണ്ടായില്ലെന്നു മാത്രമല്ല, ഭാവിയിൽ പരസ്പരം പോരടിച്ചേക്കാവുന്ന പ്രദേശികനേതാക്കളാണ് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞത്.

രാഹുൽ ഗാന്ധി നേതാവെന്ന നിലയിൽ ഒട്ടേറെ വളർന്നെങ്കിലും മോദിക്കു പകരമാവില്ലെന്ന തോന്നൽ പ്രബലമായിരുന്നു. പ്രതിപക്ഷത്തെ ഈ നേതൃപ്രതിസന്ധിയും ഐക്യമില്ലായ്മയും ആണ് യു.പി.യിലും ബിഹാറിലും ബംഗാളിലുമെല്ലാം ബി.ജെ.പി.യെ തുണച്ചത്. ബി.ജെ.പി.യിതര വോട്ടുകൾ അവിടങ്ങളിലൊന്നും ഏകോപിപ്പിക്കപ്പെട്ടില്ല. യു.പി.യിൽ ബി.എസ്.പി.യും എസ്.പി.യും ചേർന്നുള്ള സഖ്യത്തിന് 2014-ലേതിനെക്കാൾ കൂടുതൽ വോട്ട് കിട്ടുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും എക്സിറ്റ്പോൾ പ്രകാരം അതു കുറയുകയാണ് ചെയ്തത്.

പ്രതിപക്ഷസഖ്യം അല്പമെങ്കിലും ഫലപ്രദമായിരുന്ന ഛത്തീസ്ഗഢിലും അതു ഫലംകണ്ടില്ല. ബിഹാറിലാകട്ടെ, എൻ.ഡി.എ 2014-ലേതിനെക്കാളും സ്ഥിതി മെച്ചപ്പെടുത്തിയെന്നാണു പ്രവചനം. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം പ്രതീക്ഷിച്ചപോലെ മുസ്‌ലിം, യാദവ കൂട്ടുകെട്ടൊന്നും അവിടെ സംഭവിച്ചില്ല. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാകാഞ്ഞതിനാൽ ത്രികോണ മത്സരമാണു നടന്നത്. 2014-ലേതുപോലെ ഏഴിൽ ഏഴുസീറ്റും ബി.ജെ.പി.ക്കു ലഭിക്കുമെന്നാണ് പ്രവചനം.

ബി.ജെ.പി. അവിശ്വസനീയമായ നേട്ടം ഉണ്ടാക്കാൻ പോകുന്നത് ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലാണെന്ന് എല്ലാ എക്സിറ്റ്പോളുകളും പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾക്കു സമാനമാണ് യഥാർഥഫലമെങ്കിൽ അതു കോൺഗ്രസിലും പ്രാദേശിക പാർട്ടികളിലും വലിയ മാറ്റങ്ങൾക്കിടയാക്കും. പ്രാദേശികപാർട്ടികളുടെ ദേശീയതലത്തിലുള്ള ഇടപെടലോ സമ്മർദമോ ഉണ്ടാവില്ലെന്നു വ്യക്തം.

content highlights: exit poll, bjp, congress, namo