ന്യൂഡല്‍ഹി: പരീക്ഷക്കാലം അടുത്തുവരവേ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയെ മാനസിക സംഘര്‍ഷത്തിന് കാരണമായി കാണരുതെന്നും ഉത്സവമായി കാണണമെന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍കീ ബാത്ത്' വഴിയാണ് അദ്ദേഹത്തിന്റെ സന്ദേശം.

പഠനത്തില്‍നിന്ന് ഇടവേളയെടുത്ത് ആവശ്യത്തിന് വിശ്രമിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യണം. അപ്പോഴാണ് ഓര്‍മശക്തി വര്‍ധിക്കുന്നത്. മറ്റുള്ളവരോട് മത്സരിക്കുന്നതിനുപകരം അവനവനോട് മത്സരിക്കണം. സ്വയം നിരന്തരം മത്സരിച്ച് റെക്കോഡുകള്‍ മെച്ചപ്പെടുത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉദാഹരണം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പരീക്ഷ സന്തോഷത്തിന്റെ കാരണമാകണം. ഒരുവര്‍ഷം നടത്തിയ കഠിനപരിശ്രമം പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരമായി വേണം പരീക്ഷയെ കരുതാന്‍. വിദ്യാര്‍ഥികള്‍ മാര്‍ക്കിനായി മാത്രം പ്രയത്‌നിക്കരുത്. അറിവ് നേടാനായിരിക്കണം ശ്രമിക്കേണ്ടത്.

മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം വ്യോമസേനയിലേക്കുള്ള പ്രവേശനപരീക്ഷയില്‍ പരാജയപ്പെട്ടു. അദ്ദേഹം, അതിനെ ഒരു തോല്‍വിയായി കണക്കാക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് വലിയ ഒരു ശാസ്ത്രജ്ഞനെയും രാഷ്ട്രപതിയെയും ലഭിക്കുമായിരുന്നില്ല. പരീക്ഷയില്‍ വിജയിക്കാന്‍ തെറ്റായ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത് -പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളെ അവരുടെ കഴിവുകള്‍ക്കനുസൃതമായി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് മാതാപിതാക്കളെയും പ്രധാനമന്ത്രി ഉപദേശിച്ചു. പ്രതീക്ഷകള്‍കൊണ്ട് അവരെ സമ്മര്‍ദത്തിലാക്കരുത്.

യുവാക്കള്‍ സൈനികരുടെ ധീരത പ്രചരിപ്പിക്കണം

സൈനികരുടെ ധീരതയുടെ ഉദാഹരണങ്ങള്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി യുവാക്കളെ ആഹ്വാനം ചെയ്തു. ഇത് ജനങ്ങളെ അഭിമാനമുള്ളവരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.
സര്‍വാദരണീയനായ നമ്മുടെ ബാപ്പുവിന്റെ രക്തസാക്ഷിത്വദിനത്തില്‍ രാജ്യത്തിന്റെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ 11 മണിക്ക് ജനങ്ങള്‍ രണ്ടുമിനിറ്റ് മൗനം ആചരിക്കുന്നു. ഇത് രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും നമുക്ക് ശീലമാകണം -പ്രധാനമന്ത്രി പറഞ്ഞു.