ചെന്നൈ: കടൽമാർഗം ഇന്ത്യയിലെത്താൻ ശ്രമിച്ച മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുൽ ഗഫൂർ തമിഴ്നാട്ടിൽ അറസ്റ്റിലായി. ചരക്കുകപ്പലിലെ ജീവനക്കാർക്കൊപ്പം വേഷംമാറി എത്തിയ അദീബനെ തൂത്തുക്കുടിയിലാണ് അറസ്റ്റുചെയ്തത്. മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടുന്നയാളാണ് അദീബ്. ടഗ് ബോട്ടിൽ ക്രൂ അംഗമെന്നനിലയിൽ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു അദീബ്. വ്യക്തമായ യാത്രാരേഖകളില്ലാത്ത അദീബിന് ഇന്ത്യയിലേക്ക് വരാനുള്ള അനുമതിയില്ല. വിദേശികൾക്കായുള്ള പ്രത്യേക എൻട്രി പോയന്റിൽ യാത്രാരേഖകൾ നിർബന്ധമാണെന്നും അദീബ് ഈ രണ്ടു നിയമങ്ങളും പാലിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഇന്ത്യൻ പോലീസും കസ്റ്റംസും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മാലദ്വീപ് അധികൃതർ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അദീബ് അറസ്റ്റിലായതിന്റെ ദൃശ്യം മാലദ്വീപ് സർക്കാരിന് ഒരു ദൃക്‌സാക്ഷിയാണ് പങ്കുവെച്ചത്. കന്യക 9 ടഗ് ബോട്ടിലെ ക്രൂ അംഗമെന്ന വ്യാജേനയാണ് അദീബ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തെത്തുടർന്ന് ഇന്ത്യൻ പോലീസാണ് പിടികൂടിയത്. അറസ്റ്റിലായ അദീബിനെ കേന്ദ്ര സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥർ ചോദ്യംചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ മാലദ്വീപ് സർക്കാരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു. ഒമ്പതു ക്രൂ അംഗങ്ങളുള്ള കപ്പലിന് തൂത്തുക്കുടിയിൽ നങ്കൂരമിടാൻ അനുമതിയുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്. 2016-ൽ മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീനെ ബോട്ടിൽ സ്ഫോടനം നടത്തി വധിക്കാൻ ശ്രമിച്ചതിന് അദീബിന് 15 വർഷം തടവുവിധിച്ചിരുന്നു. അബ്ദുള്ള യമീൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, മൂന്നുവർഷത്തെ ശിക്ഷാകാലാവധിക്കുശേഷം കഴിഞ്ഞ നവംബറിൽ അദീബിനെ വീട്ടുതടങ്കലിലേക്ക് മാറ്റി. ഭീകരത, അഴിമതി എന്നീ കുറ്റങ്ങൾക്ക് 33 വർഷത്തെ ജയിൽശിക്ഷ അപ്പീൽ കോടതികൾ റദ്ദാക്കിയിരുന്നെങ്കിലും ഇതിനെ ചോദ്യംചെയ്ത് പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് അപ്പീൽ സമർപ്പിച്ചതിനെത്തുടർന്ന് ജൂൺ അവസാനത്തിൽ സുപ്രീംകോടതി അദീബിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
content highlights: Ex-Maldives vice president detained at Tamil Nadu port