ന്യൂഡൽഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ജീർണാവസ്ഥയിലാണെന്നും നീതിക്കായി കോടതിയെ സമീപിക്കാൻ ആളുകൾ മടിക്കുന്ന കാലമാണെന്നും മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.

“ആരാണ് കോടതിയിൽ പോകുക. പോയാൽ നിങ്ങൾ ഖേദിക്കേണ്ടിവരും. വിഴുപ്പലക്കൽ മാത്രമാണ് നടക്കുക. നിങ്ങൾക്ക് വിധിയൊന്നും ലഭിക്കില്ല”-ഇന്ത്യ ടുഡേ കോൺക്ലേവിലാണ് മുൻ ചീഫ് ജസ്റ്റിസിന്റെ വിമർശനം. കോടതികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ കോടതികളിൽ കേസ് കെട്ടിക്കിടക്കുകയാണെന്നും അമിതജോലിഭാരമാണെന്നും അദ്ദേഹം പറഞ്ഞു. “കീഴ്‌ക്കോടതികളിൽ നാലു കോടിയോളവും ഹൈക്കോടതികളിൽ 44 ലക്ഷത്തോളവും സുപ്രീംകോടതിയിൽ 70,000-ത്തോളവും കേസുകളും തീർപ്പുകല്പിക്കാനുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ജഡ്ജി എന്നത് മുഴുവൻ സമയം പ്രവർത്തിക്കുന്ന ജോലിയാണ്. ഡൽഹി ഹൈക്കോടതിയിൽ 62 ജഡ്ജിമാരാണ് വേണ്ടതെങ്കിൽ 32 ജഡ്ജിമാർ മാത്രമാണ് അവിടെയുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയിൽ ആവശ്യമുള്ളതിന്റെ 40 ശതമാനം ജഡ്ജിമാരെ ഉള്ളൂ” -ഗൊഗോയ് പറഞ്ഞു.

തനിക്കെതിരേ ‘വനിത രാഷ്ട്രീയക്കാരി’ ലോക്‌സഭയിൽ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്‌ത്രയുടെ പേര് പരാമർശിക്കാതെ ഗൊഗോയി പറഞ്ഞു. ചീഫ് ജസ്റ്റിസായിരിക്കേ ഗൊഗോയിക്കെതിരേ ഉയർന്ന ലൈംഗികാരോപണവും അദ്ദേഹത്തെ സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് തൃണമൂൽ അംഗം പ്രസംഗിച്ചത്. അയോധ്യാകേസിലെ വിധിക്ക് പ്രത്യുപകാരമായാണ് രാജ്യസഭാംഗത്വം ലഭിച്ചതെന്നായിരുന്നു മൊയ്‌ത്ര ആരോപിച്ചത്.