ന്യൂഡൽഹി: രാജ്യസഭയുടെ സെക്രട്ടറി ജനറലായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ(സി.ബി.ഡി.ടി.) മുൻ അധ്യക്ഷൻ പി.സി. മോദിയെ ചെയർമാൻ എം. വെങ്കയ്യ നായിഡു നിയമിച്ചു. അദ്ദേഹം വെള്ളിയാഴ്ചതന്നെ ചുമതലയേറ്റു.

രണ്ടര മാസം മുമ്പുമാത്രം നിയമിതനായ ഡോ. പി.പി.കെ. രാമചര്യലുവിനെ മാറ്റിയാണ് പുതിയ നിയമനം. രാജ്യസഭാ സെക്രട്ടേറിയറ്റിൽനിന്നുതന്നെ പടിപടിയായി ഉയർന്നുവന്ന ഉദ്യോഗസ്ഥനാണ് രാമചര്യലു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 11-ന് കഴിഞ്ഞശേഷമാണ് അദ്ദേഹത്തെ സെക്രട്ടറി ജനറലായി നിയമിച്ചത്. ശൈത്യകാല സമ്മേളനത്തിന് രണ്ടാഴ്ച മുൻപാണ് സ്ഥാനമാറ്റം. ഒറ്റ സമ്മേളനത്തിൽപോലും ഔദ്യോഗിക കസേരയിൽ ഇരിക്കാനാവാതെ സ്ഥാനമൊഴിയുന്ന ആദ്യ സെക്രട്ടറി ജനറൽ. അദ്ദേഹത്തെ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ഉപദേഷ്ടാവായി നിയമിച്ചതായി കേന്ദ്രവിജ്ഞാപനത്തിൽ പറയുന്നു.

രാമചര്യലുവിനെ മാറ്റിയതിൽ ആശ്ചര്യമില്ലെന്ന് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേഷ് പറഞ്ഞു. തികച്ചും പ്രൊഫഷണലും നിഷ്പക്ഷമതിയും ആ പദവിയിലിരിക്കാൻ പൂർണയോഗ്യനുമാണ് രാമചര്യലു. മോദി ഭരണകൂടത്തിന് ഇവ മൂന്നും അനാവശ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.

1982-ലെ ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറാണ് പുതുതായി നിയമിതനായ പി.സി. മോദി. 2019 മുതൽ 2021 മേയ്‌വരെ പ്രത്യക്ഷ നികുതി ബോർഡിന്റെ അധ്യക്ഷനായിരുന്നു. ഈ കാലയളവിൽ നടത്തിയ ഒട്ടേറെ റെയ്‌ഡുകൾ വിവാദമായി. സി.ബി.ഡി.ടി.യെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം വിമർശിക്കുകയുണ്ടായി.