അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ ത്രിപുര ഘടകം മുന്‍അധ്യക്ഷന്‍ റോണാജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. 2001 മുതല്‍ അഞ്ചുവര്‍ഷം സംസ്ഥാനത്തെ ബി.ജെ.പി.യെ നയിച്ചത് അദ്ദേഹമാണ്.

ബാഗ്ബസ നിയമസഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ തന്നെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സംസ്ഥാനാധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിനയച്ച കത്തില്‍ റോണാജോയ് വ്യക്തമാക്കി.

ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായിരുന്നു രാജിയെന്ന് ബി.ജെ.പി. സംസ്ഥാനവക്താവ് മൃണാള്‍ കാന്തി ദേബ് പ്രതികരിച്ചു. എണ്‍പതുകളില്‍ പാര്‍ട്ടിയില്‍ച്ചേര്‍ന്ന റോണാജോയ് പാര്‍ട്ടിക്കുവേണ്ടി ഏറെ പ്രവര്‍ത്തിച്ചെന്നും മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതുകൊണ്ട് രാജിവെക്കാന്‍ പാടില്ലായിരുന്നെന്നും മൃണാള്‍ പറഞ്ഞു.

അറുപതംഗ നിയമസഭയിലേക്കുള്ള 51 സീറ്റുകളിലാണ് ബി.ജെ.പി. ജനവിധി തേടുന്നത്. സഖ്യകക്ഷിയായ ഗോത്രവര്‍ഗപാര്‍ട്ടി ഐ.പി.എഫ്.ടി.യാണ് ഒമ്പതുസീറ്റില്‍ മത്സരിക്കുക.