ലഖ്നൗ: ഭഗവാൻ ശ്രീരാമനുപോലും ബലാത്സംഗം തടയാൻ കഴിയില്ലെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി. എം.എൽ.എ. സുരേന്ദ്ര സിങ്. സംസ്ഥാനത്തു വർധിച്ചുവരുന്ന ബലാത്സംഗങ്ങളെക്കുറിച്ചു ബാലിയയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആത്മവിശ്വാസത്തോടെ എനിക്കു പറയാനാകും ശ്രീരാമനുപോലും ബലാത്സംഗങ്ങൾ തടയാനാകില്ല. സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മലിനീകരണമാണിത്. മറ്റുള്ളവരെ അവരുടെ കുടുംബംപോലെ, സഹോദരിമാരെ പോലെ കാണേണ്ടത് ആളുകളുടെ ഉത്തരവാദിത്വമാണ്. ഭരണഘടനയിലൂടെയല്ല, സമൂഹത്തിൽ നല്ല മൂല്യങ്ങൾ ഉളവാക്കുന്നതിലൂടെ മാത്രമേ ബലാത്സംഗങ്ങൾ നിയന്ത്രിക്കാനാകൂ’-അദ്ദേഹം പറഞ്ഞു.

നേരത്തെയും വിവാദപ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് സുരേന്ദ്രസിങ്. താജ്മഹലിന്റെ പേര് രാം മഹൽ എന്നാക്കണമെന്നായിരുന്നു ഒരു പ്രസ്താവന. സർക്കാർ ഉദ്യോഗസ്ഥരെക്കാളും ഭേദം വേശ്യകളാണെന്നും ബലാത്സംഗം വർധിക്കാൻ കാരണം സ്മാർട്ട്ഫോൺ ആണെന്നുമുള്ള പ്രസ്താവനകളും വിവാദം സൃഷ്ടിച്ചു. ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതിയായ ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സെൻഗർക്കു പിന്തുണ പ്രഖ്യാപിച്ചും സുരേന്ദ്രസിങ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു.