ന്യൂഡൽഹി: കഴിഞ്ഞകൊല്ലം കോവിഡിന്റെ ഒന്നാംതരംഗമുണ്ടായപ്പോൾ പ്രോവിഡന്റ് ഫണ്ടിൽനിന്ന് അഡ്വാൻസ് എടുത്തവർക്ക് ആവശ്യമെങ്കിൽ വീണ്ടും അഡ്വാൻസ് എടുക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി. മൂന്നുമാസത്തെ അടിസ്ഥാന ശമ്പളവും ഡി.എ.യും ചേർന്നുള്ള തുകയോ തൊഴിലാളിയുടെ വിഹിതത്തിന്റെ 75 ശതമാനമോ ഏതാണ് കുറവെന്നുവെച്ചാൽ ആ തുകയാണ് അഡ്വാൻസായി നൽകുക. ഇത് തിരിച്ചടയ്ക്കേണ്ടതില്ല.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായാണ് ഈ അഡ്വാൻസ് സ്കീം പ്രഖ്യാപിച്ചത്. 76.31 ലക്ഷം പേർ ഇതുപ്രകാരം അഡ്വാൻസിന് അപേക്ഷിച്ചിരുന്നു. 18,698.15 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞകൊല്ലത്തെ അഡ്വാൻസ് സ്കീമിന്റെ അതേ വ്യവസ്ഥകളും നടപടിക്രമങ്ങളും ആയിരിക്കും ഇക്കുറിയും. അപേക്ഷ ലഭിച്ചാൽ മൂന്നുദിവസത്തിനകം തീരുമാനമെടുക്കും.