ന്യൂഡൽഹി: ഇ.പി.എസ്. പദ്ധതിയെ അപകടത്തിലാക്കുന്ന കേരള ഹൈക്കോടതിവിധി നടപ്പാക്കിയാൽ ചെറിയ വരുമാനക്കാരുടെ സാമൂഹികസുരക്ഷിതത്വം ഇല്ലാതാവുമെന്ന് ഇ.പി.എഫ്.ഒ. സുപ്രീംകോടതിയിൽ പറഞ്ഞു. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന്‌ വഴിവെച്ച ഹൈക്കോടതിവിധിക്കെതിരായ അപ്പീലുകളിൽ പ്രതിദിനവാദം വേണമെന്നും ഇടക്കാല അപേക്ഷയിൽ ഇ.പി.എഫ്.ഒ. ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒ. സുപ്രീംകോടതിയെ സമീപിച്ചത്.

ഇ.പി.എസിൽനിന്ന് വളരെക്കാലംമുൻപ് വിട്ടുപോയവർക്കുപോലും മുൻകാലപ്രാബല്യത്തോടെ പെൻഷൻ അവകാശപ്പെടാൻ വഴിയൊരുക്കുന്നതാണ് ഹൈക്കോടതിയുടെ വിധിയെന്ന് ഇ.പി.എഫ്.ഒ. ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കിയാൽ പെൻഷൻ ഫണ്ടിന് 15.28 ലക്ഷം കോടി രൂപയുടെ കമ്മി നേരിടേണ്ടിവരും. ഇതോടെ പെൻഷൻപദ്ധതിതന്നെ അപകടത്തിലാവുകയും സാധാരണ ജീവനക്കാരുടെ സാമൂഹികസുരക്ഷ ഇല്ലാതാവുകയും ചെയ്യും.

കേരള ഹൈക്കോടതിയുടെ 2018 ഒക്ടോബർ പത്തിന്റെ വിധിക്കെതിരേ ഇ.പി.എഫ്.ഒ.യും തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീലുകളാണ് സുപ്രീംകോടതിക്കുമുൻപാകെയുള്ളത്. രാജ്യത്തിന്റെ സാമൂഹികസുരക്ഷയും ദുർബല തൊഴിലാളിവിഭാഗത്തിന്റെ അവകാശവും കണക്കിലെടുത്ത് കേസ് ബുധനാഴ്ചതന്നെ പരിഗണിക്കുകയും തുടർന്ന് പ്രതിദിനാടിസ്ഥാനത്തിൽ വാദം കേൾക്കുകയും വേണമെന്ന് ഇ.പി.എഫ്.ഒ. ആവശ്യപ്പെട്ടു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌സ് ആൻഡ് മിസെലെനസ് പ്രൊവിഷൻസ് നിയമത്തിലെയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലെയും വകുപ്പുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരേ പുനഃപരിശോധനാഹർജി നൽകിയപ്പോൾ പ്രസ്തുത ഉത്തരവ് പിൻവലിച്ച സുപ്രീംകോടതി അപ്പീൽ പുതുതായി കേൾക്കാൻ തീരുമാനിച്ചു. ഈ കേസാണിപ്പോൾ കോടതിക്കുമുൻപിലുള്ളത്.

ഹൈക്കോടതിവിധി ഇതുവരെ സ്റ്റേചെയ്തിട്ടില്ല. എന്നാൽ, സുപ്രീംകോടതിയിൽ കേസ് തീർപ്പാവാതെ നിൽക്കുന്നത് ലക്ഷക്കണക്കിനാളുകളുടെ ഉയർന്ന പെൻഷൻ സാധ്യതകളെ അനിശ്ചിതത്വത്തിലാക്കി. കേന്ദ്രസർക്കാർ ഫണ്ടനുവദിക്കാതെ ഉയർന്ന പെൻഷൻ നൽകാനാവില്ലെന്നാണ് ഇ.പി.എഫ്.ഒ.യുടെ നിലപാട്. അതേസമയം, ഒരുതരത്തിലും ഹൈക്കോടതിവിധി നടപ്പാക്കാനാവില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വാദം.