ന്യൂഡൽഹി: കൂടുതൽ വരുമാനം ലഭിക്കുന്നതിന് സ്വകാര്യമേഖലയിലെ ബോണ്ടുകളിലും ഓഹരികളിലും പ്രോവിഡന്റ് ഫണ്ട് നിക്ഷേപം നടത്തും. ശനിയാഴ്ച ചേർന്ന ഇ.പി.എഫ്.ഒ. ട്രസ്റ്റ് ബോർഡ് യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ഇതുവരെ സർക്കാർ ബോണ്ടുകളിലും ഓഹരികളിലും മാത്രമാണ് നിക്ഷേപം നടത്തിയിരുന്നത്. ഓരോ നിക്ഷേപ നിർദേശവും ഇ.പി.എഫ്.ഒ.യ്ക്ക് കീഴിലുള്ള ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓഡിറ്റ് കമ്മിറ്റി(എഫ്.ഐ.എ.സി) വെവ്വേറേ പരിശോധിച്ചശേഷമായിരിക്കും സ്വകാര്യ ബോണ്ടുകളിലും ഓഹരികളിലും പണം ഇറക്കുക. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സർക്കാരിന്റെയും പ്രതിനിധികളായി എട്ടുപേരാണ് എഫ്.ഐ.എ.സി.യിലുള്ളത്.

പെൻഷൻ വിഷയവും സാമൂഹിക സുരക്ഷാ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കാൻ രണ്ടു ഉപസമിതികൾ രൂപവത്കരിക്കാനും ട്രസ്റ്റ് യോഗം തീരുമാനിച്ചു. തൊഴിൽവകുപ്പ് സെക്രട്ടറിയായിരിക്കും ഈ സമിതികളുടെ അധ്യക്ഷൻ. ഡിജിറ്റൽ ശേഷി വർധിപ്പിക്കുന്നകാര്യത്തിനും ഉപസമിതി ഉണ്ടാക്കും.

ഓരോ വർഷവും ഏതാണ്ട് രണ്ടുലക്ഷം കോടി രൂപയാണ് ഇ.പി.എഫ്.ഒ. വിപണിയിൽ നിക്ഷേപിക്കുന്നത്. ഇതിന്റെ 85 ശതമാനം സർക്കാർ ബോണ്ടുകളിലും 15 ശതമാനം ഓഹരിയിലുമാണ്. ഇനി കൂടുതൽ വരുമാന സാധ്യതകൾ പരിശോധിച്ച് സ്വകാര്യ മേഖലയിലെ ബോണ്ടുകളിലും ഓഹരികളിലുംകൂടി നിക്ഷേപം നടത്താം. മുൻ വർഷത്തെ നിക്ഷേപത്തിൽനിന്ന് താരതമ്യേന മികച്ച വരുമാനം ലഭിച്ചതിനാലാണ് കഴിഞ്ഞ സാമ്പത്തികവർഷം എട്ടര ശതമാനം പലിശ നൽകിയത്. മറ്റു ചെറുനിക്ഷേപങ്ങളുടെയെല്ലാം പലിശനിരക്ക് കോവിഡ് പ്രതിസന്ധികാരണം കുറഞ്ഞപ്പോഴും പി.എഫ്. വരിക്കാർക്ക് പലിശ കുറഞ്ഞില്ല.

വിപണിയിലെ നിക്ഷേപത്തിന് പരമാവധി വരുമാനം ഉറപ്പാക്കുകയാണ് പുതിയ തീരുമാനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇ.പി.എഫ്. ബോർഡ് ട്രസ്റ്റ് അംഗം കെ.ഇ. രഘുനാഥൻ പറഞ്ഞു. ഓഹരിവിപണി ഇപ്പോൾ സജീവമാണ്. ഈ അവസരം പാഴാക്കാൻ പാടില്ല. സുരക്ഷിതമായ രീതിയിലായിരിക്കും സ്വകാര്യമേഖലയിൽ നിക്ഷേപം നടത്തുക. ഇക്കാര്യത്തിൽ ഇ.പി.എഫ്.ഒ.യ്ക്ക് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല. ഒരോ നിക്ഷേപസാധ്യതയും നിർദേശവും ബന്ധപ്പെട്ട സമിതി വെവ്വേറെ പരിശോധിച്ചശേഷമേ തുക നിക്ഷേപിക്കുകയുള്ളൂ.

--