ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനത്തെക്കുറിച്ച് പൊതുജനാഭിപ്രായം നൽകുന്നതിനുള്ള അവസാന തീയതി ചൊവ്വാഴ്ച അവസാനിക്കും.

കരട് വിജ്ഞാപനത്തിനെതിരേ പരിസ്ഥിതി സംഘടനകളും പ്രവർത്തകരും കടുത്ത എതിർപ്പാണുയർത്തിയിരിക്കുന്നത്. വ്യവസ്ഥകൾ നടപ്പായാൽ രാജ്യവ്യാപകമായി പരിസ്ഥിതി പ്രശ്നങ്ങൾക്കും കുഴപ്പങ്ങൾക്കും കാരണമാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, പ്രതിഷേധം അനാവശ്യമാണെന്നും അന്തിമ വിജ്ഞാപനമായിട്ടില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. എല്ലാ അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും അന്തിമ വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു.

1984-ലെ ഭോപാൽ വാതക ദുരന്തത്തിനുശേഷം 1986-ലാണ് രാജ്യത്ത് പരിസ്ഥിതി നിയമമുണ്ടാക്കിയത്. 1994-ലാണ് ഇതിന്റെ വിജ്ഞാപനം പുറത്തുവന്നത്. ഈ നിയമങ്ങളിൽ 2006-ലും തുടർന്നും ചില ഭേദഗതികൾ വരുത്തി. ഈ ഭേദഗതികളാണ് ഇപ്പോഴും നിലവിലുള്ളത്. 2006 മുതൽ ഈ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ, കോടതി ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തി പുതിയനിയമം കൊണ്ടുവരുന്നതിനുള്ള കരട് വിജ്ഞാപനമാണ് ഇപ്പോൾ വിവാദം തുറന്നത്.

മാർച്ച് 23-നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, ഇതിനിടെ, രാജ്യത്ത്് ലോക്ഡൗൺ നിലവിൽ വന്നു. ഇതോടെ കരടിൽ അഭിപ്രായങ്ങൾ അറിയിക്കാൻ പ്രായോഗിക തടസ്സമുണ്ടായി. മേയ് എട്ടിന് കേന്ദ്രം 60 ദിവസത്തെ കാലാവധി പൊതുജനാഭിപ്രായത്തിനായി നൽകി. തുടർന്ന് വീണ്ടും ഓഗസ്റ്റ് 11 വരെ നീട്ടി. കരടിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേഷും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും തമ്മിൽ കത്ത് യുദ്ധവും അരങ്ങേറിയിരുന്നു. അന്തിമ വിജ്ഞാപനം സെപ്റ്റംബർ ഏഴുവരെ പുറത്തിറക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ട്.

എതിർപ്പ് അഞ്ച് വ്യവസ്ഥകൾക്കെതിരേ

കരട് വിജ്ഞാപനത്തിലെ അഞ്ച് വ്യവസ്ഥകൾക്കെതിരേയാണ് പരിസ്ഥിതി സംഘടനകൾ പ്രധാനമായും കടുത്ത എതിർപ്പുയർത്തിയിരിക്കുന്നത്.

* പദ്ധതികൾ ആരംഭിച്ച ശേഷം പരിസ്ഥിതി അനുമതി നേടിയാൽ മതിയെന്ന വ്യവസ്ഥ

*ചില പദ്ധതികൾക്ക് പരിസ്ഥിതി അനുമതി നൽകുന്നതിൽ ജനാഭിപ്രായം തേടുന്നത് ഒഴിവാക്കൽ

*പരിസ്ഥിതി അനുമതിയുടെ കാലാവധി ദീർഘകാലം നിലനിർത്താമെന്ന സൗകര്യം തീരുമാനം

*സംസ്ഥാന തലത്തിൽ പരിസ്ഥിതി ആഘാതപഠന അതോറിറ്റികളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കൽ