പുണെ: പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ നടപ്പാക്കാൻ കേരളത്തിൽ ജനകീയമുന്നേറ്റങ്ങൾ ഉണ്ടാകണമെന്ന് ഡോ. മാധവ് ഗാഡ്ഗിൽ. കേരളത്തിൽ എല്ലാവർഷവും സംഭവിക്കുന്ന പ്രളയക്കെടുതികൾക്ക് പരിഹാരംതേടി പുണെയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈകാര്യം പറഞ്ഞത്.

കഴിഞ്ഞകാല ദുരന്തങ്ങളിൽനിന്ന് ഇനിയും പാഠംപഠിച്ചില്ലെങ്കിൽ അതിന് കനത്തവില നൽകേണ്ടിവരും. ഈ സ്ഥിതിതുടർന്നാൽ ഭാവിയിൽ കൂടുതൽദുരിതങ്ങൾ ഉണ്ടാകും. പ്രകൃതി സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ആവശ്യമായ ശക്തമായനിയമങ്ങൾ നിലവിലുണ്ട്. എന്നാൽ അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനങ്ങൾ ഇത്തരംകാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻപോലും ജനങ്ങൾഭയപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാകണം. നിലവിലെ ത്രിതലപഞ്ചായത്ത് നിയമങ്ങളുടെ ബലത്തിൽ ഇത്തരംകാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ദുരന്തങ്ങൾക്കുശേഷം ഏറെക്കാലം കഴിഞ്ഞിട്ടും അതിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാകാത്തഅവസ്ഥയാണ് നിലവിലുള്ളത്. പ്ലാച്ചിമടയിൽ കോള ഫാക്ടറിക്കെതിരെ ജനകീയമുന്നേറ്റം ഉണ്ടായതിനെത്തുടർന്ന് ഫാക്ടറിപൂട്ടാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നിയമസഭയും ഇത് അംഗീകരിച്ചു. ഫാക്ടറി പൂട്ടിയെങ്കിലും ദുരിതത്തിന് ഇരയായവർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജനങ്ങളിൽ ഇതേക്കുറിച്ചുള്ള അവബോധം ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.

ദുരന്തമുഖത്ത് നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ സമാശ്വസിപ്പിക്കാനും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാനും കേരളത്തിലേക്ക് മാധവ് ഗാഡ്ഗിലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

content highlights: environment protection: mass movement required in kerala says gadgil