ന്യൂഡല്‍ഹി: അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദത്തിലും പരിശീലനം നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു. അലോപ്പതിയും ആയുര്‍വേദവും ചേര്‍ന്നുള്ള സംയോജിത ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് ആയുഷ് വകുപ്പ് സെക്രട്ടറി അജിത് ശരണ്‍ പറഞ്ഞു.

'ഡോ. സുധാസ് ആയുര്‍വേദ കേന്ദ്ര'യുടെ സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു.
പുതുതായി തുടങ്ങുന്ന 'ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളില്‍' സംയോജിത ചികിത്സയ്ക്കുള്ള ആയുഷ് വിഭാഗം ആരംഭിക്കും. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ 'അപ്രിസിയേഷന്‍'പരിപാടി നടത്താനും ആലോചനയുണ്ട്.

ആയുര്‍വേദവും യോഗയും ഒരു ചികിത്സാരീതിയായി ലോകത്ത് അംഗീകരിക്കപ്പെട്ടുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗ പരിപാടിക്ക് ലോകമെമ്പാടുനിന്നും വന്‍പ്രതികരണമാണ് ലഭിച്ചത്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, പ്രൊഫ. കെ.വി. തോമസ് എം.പി., ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍, ഡോ. അഖില്‍ മിശ്ര, എന്‍. അശോകന്‍, ഡോ. സുധ അശോകന്‍ എന്നിവര്‍ സംസാരിച്ചു.