ന്യൂഡൽഹി: നാലരവർഷം മുമ്പ്‌ വിധിച്ച നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്നുകാട്ടി കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും സുപ്രീംകോടതിയിൽ. എൻഡോസൾഫാൻ ഇരകൾക്ക് മൂന്നു മാസത്തിനകം അഞ്ചുലക്ഷം രൂപവീതം നൽകണമെന്ന 2017-ലെ വിധി നടപ്പായില്ലെന്നുകാട്ടിയാണ് കോടതിയലക്ഷ്യഹർജി നൽകിയത്.

ഇവർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ സെർവ് കളക്ടീവിന്റെ നേതൃത്വത്തിലാണ് സുപ്രീംകോടതിയിലെത്തിയത്. ഏഴായിരത്തോളം എൻഡോസൾഫാൻ രോഗികളിൽ നാലിലൊന്നുപേർക്കു മാത്രമേ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

എൻഡോസൾഫാൻ ഇരകൾക്ക് കാസർകോട്ട് സാന്ത്വനചികിത്സാ ആശുപത്രി വേണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. ഇക്കാരണത്താൽ, പുറത്തിറങ്ങാൻ സാധിക്കാത്ത കോവിഡ് കാലത്ത് എൻഡോസൾഫാൻ ബാധിതർ ഏറെ പ്രയാസപ്പെടുന്നതായി പരാതിക്കാർ പറഞ്ഞു. ഇവർക്കായി എംപാനൽ ചെയ്ത 17 ആശുപത്രികളിൽ ഒന്നുപോലും കാസർകോട്ടില്ലാത്തതിനാൽ രോഗികൾക്ക് തിരുവനന്തപുരത്തും എറണാകുളത്തും മറ്റും പോകേണ്ടിവരുന്നു. യാത്രാ നിയന്ത്രണമുള്ള കോവിഡ് കാലത്ത് ദുരിതം ഇരട്ടിച്ചു.

ഈ സാഹചര്യത്തിലാണ് കെ.ജി. ബൈജു ഉൾപ്പെടെ എട്ടുപേർ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രകാശ് ബാരെ അധ്യക്ഷനായ സെർവ് കളക്ടീവിൽ എൻവിസാജ്, എസ്പാക്, എൻഡോസൾഫാൻ ദുരിതബാധിത സംരക്ഷണ സമിതി, പുഞ്ചിരി ക്ലബ്ബ്, ലോഹ്യ വിചാരവേദി, ഏകതാ പരിഷത്, അധിനിവേശ പ്രതിരോധ സമിതി, പാഠദേദം, തണൽ, വ്യവസായ തൊഴിലാളി സൗഹൃദസംഘം, ഫെയർ ട്രേഡ് അലയൻസ് ഓഫ് കേരള, ജോയന്റ് ഫോറം ഓഫ് എൻഡോസൾഫാൻ വിക്ടിംസ് ട്രിബ്യൂണൽ റൈസ്റ്റ്‌സ് എന്നീ സംഘടനകളുണ്ട്. എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഇത്രയധികം സംഘടനകൾ ഒത്തുചേർന്ന് സുപ്രീംകോടതിയെ സമീപിക്കുന്നത് ആദ്യമാണെന്ന് സെർവ് കളക്ടീവിന്റെ ഉപദേശകരിൽ ഒരാളായ പ്രൊഫ. എം.എ. റഹ്മാൻ പറഞ്ഞു.

രോഗികളായ നാലു കുട്ടികളുടെ അമ്മമാർ നഷ്ടപരിഹാരം ലഭിച്ചില്ലെന്നുകാട്ടി 2019-ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അവർക്ക് രണ്ടുമാസത്തിനകം അഞ്ചുലക്ഷംരൂപവീതം നൽകാനും വിധിവന്നു. അദർ കാറ്റഗറി എന്നുപറഞ്ഞ് രോഗികളെ മാറ്റിനിർത്തി നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു.