ന്യൂഡൽഹി: ഇ.എസ്.ഐ.യിൽ അംഗമാകുന്നവർക്ക് നിലവിലെ ഹാജർ നിബന്ധനകളൊന്നും കണക്കിലെടുക്കാതെ അംഗമായ ദിവസംമുതൽ എല്ലാവിധ ചികിത്സാ ആനുകൂല്യങ്ങളും അനുവദിക്കും. തിങ്കളാഴ്ച ചേർന്ന ഇ.എസ്.ഐ. കോർപ്പറേഷൻ ബോർഡ് യോഗമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനമെടുത്തത്.
ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എങ്കിലും അതിൽ വിധി വരുന്നതിനു മുൻപുതന്നെ, താത്കാലികമായി ഹാജർ നിബന്ധന എടുത്തുകളയാനാണ് തീരുമാനം. ഇതിൽ കൃത്യത വരുത്തി പ്രത്യേക ഉത്തരവിറക്കും. വിഹിതമടയ്ക്കൽ ഇടവേളകളിൽ നിശ്ചിത ഹാജർ വേണമെന്ന ചട്ടംകാരണം ഒട്ടേറെപ്പേർക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെടുന്ന അവസ്ഥ ഇതോടെ ഇല്ലാതാവുമെന്ന് ഇ.എസ്.ഐ. ബോർഡ് അംഗം അഡ്വ. വി. രാധാകൃഷ്ണൻ പറഞ്ഞു.
തൊഴിലാളിയിൽനിന്ന് ഇ.എസ്.ഐ.വിഹിതം പിടിച്ചിട്ടുണ്ടെങ്കിൽ ചികിത്സാ ആനുകൂല്യം നൽകിയിരിക്കണം. തൊഴിലുടമ വിഹിതം അടച്ചാലും ഇല്ലെങ്കിലും ചികിത്സ നിഷേധിക്കരുത്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ, കോവിഡ് കാലത്തെ ആനുകൂല്യത്തിനുവേണ്ട ചുരുങ്ങിയ ഹാജർ 78-ൽനിന്ന് 39 ആയും പ്രസവാനുകൂല്യത്തിനുള്ള ഹാജർ 70-ൽനിന്ന് 35 ആയും കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചു. ഈ മാർച്ച് 31 വരെയാണ് ഇതു ബാധകമാവുക.
കൊല്ലത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടും. കൊല്ലത്തേത് 200-ൽനിന്ന് 300 കിടക്കകളുള്ളതായും എറണാകുളത്തേത് 60-ൽനിന്ന് നൂറ് കിടക്കകളുള്ളതായുമാണ് വികസിപ്പിക്കുക. കോഴിക്കോട് ചാലപ്പുറത്തെ ഡിസ്പെൻസറി, റീജണൽ ഓഫീസ് കെട്ടിടത്തിന്റെ പണി ഉടൻ തുടങ്ങും.
ഇ.എസ്.ഐ. റീജണൽ ഡയറക്ടർക്ക് ഇനി മുതൽ അഞ്ചുകോടി രൂപവരെയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാം. ഇതുവരെ 30 ലക്ഷം രൂപയായിരുന്നു പരിധി. ഇ.എസ്.ഐ. ആനുകൂല്യങ്ങൾക്കുള്ള കുറഞ്ഞ ശമ്പളപരിധി 21,000 രൂപയിൽനിന്ന് 25,000 ആക്കാനുള്ള നിർദേശം ബോർഡിന്റെ അടുത്തയോഗത്തിൽ പരിഗണിക്കുമെന്ന് രാധാകൃഷ്ണൻ അറിയിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ ഓരോ സംസ്ഥാനത്തും മേഖലാടിസ്ഥാനത്തിൽ ത്രിതല സമിതിയുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.