ബെംഗളൂരു: മൈസൂരു-ബെംഗളൂരു റൂട്ടില്‍ കര്‍ണാടക ആര്‍.ടി.സി.യുടെ വൈദ്യുതബസുകള്‍ വരുന്നു. ഇതിനായി 50 ബസുകള്‍ വാങ്ങാനൊരുങ്ങുകയാണ് കോര്‍പ്പറേഷന്‍. മൈസൂരുവില്‍നിന്ന് തുമകൂരു, ഹാസന്‍, കോലാര്‍ എന്നിവിടങ്ങളിലേക്കും വൈദ്യുതബസുകള്‍ സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ട്.

പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ഇന്റര്‍സിറ്റി വൈദ്യുതബസുകള്‍ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമാകും കര്‍ണാടകം. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ബസുകള്‍ ഇറക്കുന്നത്.

ബസുകള്‍ വാങ്ങുന്നത് സംബന്ധിച്ച് വിവിധ ചൈനീസ് കമ്പനികളുമായി ചര്‍ച്ചനടത്തിവരികയാണെന്ന് കര്‍ണാടക ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ എസ്.ആര്‍. ഉമാശങ്കര്‍ പറഞ്ഞു. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബസുകളാണ് വാങ്ങുന്നത്. മൈസൂരുവില്‍നിന്ന് മറ്റ് നഗരങ്ങളിലേക്ക് വൈദ്യുതബസ് സര്‍വീസ് നടത്തുന്നതിനുപുറമേ മൈസൂരുവിനുള്ളിലും ഇവ ഓടിക്കുമെന്നും ഉമാശങ്കര്‍ പറഞ്ഞു.

ഒരു വൈദ്യുതബസ് വാങ്ങാനുള്ള ചെലവ് രണ്ടുമുതല്‍ മൂന്നുകോടിവരെയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് ബസുകള്‍ വാങ്ങുന്നത്. ഒരു ബസിന് 85 ലക്ഷംരൂപവീതം കേന്ദ്രസഹായം ലഭിക്കും. ചെലവിന്റെ 40 ശതമാനം സംസ്ഥാനസര്‍ക്കാരും വഹിക്കും. ബാക്കിത്തുക കര്‍ണാടക ആര്‍.ടി.സി. തന്നെയാകും വഹിക്കുക.

ഡീസല്‍ ബസുകളേക്കാള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുറവായതിനാല്‍ വൈദ്യുതബസുകള്‍ ലാഭകരമായിരിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ബാറ്ററി ചാര്‍ജ്‌ചെയ്യാനുള്ള സൗകര്യവും ബസ് അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യവും ഡിപ്പോകളില്‍ ലഭ്യമാകും. കൂടുതല്‍ വൈദ്യുതബസുകള്‍ നിരത്തിലിറക്കുമ്പോള്‍ ഡിപ്പോകളുടെ എണ്ണവും കൂട്ടും. ഇതിനായി െവെദ്യുതി വകുപ്പില്‍നിന്ന് സബ്‌സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം. അതേസമയം, ചെലവുകൂടിയ ബസുകള്‍ പാട്ടത്തിനെടുക്കുന്നതിനുപകരം സ്വന്തമായി വാങ്ങാനുള്ള തീരുമാനത്തില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബസ് സ്വന്തമായി വാങ്ങിയശേഷം പിന്നീട് കട്ടപ്പുറത്താകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 

ബി.എം.ടി.സി. വൈദ്യുതബസുകള്‍ അടുത്ത വര്‍ഷം

നേരത്തേ ബി.എം.ടി.സി. വൈദ്യുതബസ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അമിത ചെലവ് കണക്കിലെടുത്ത് പാട്ടത്തിനെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ ബി.എം.ടി.സി. വൈദ്യുതബസ് നിരത്തിലിറക്കാനാണ് നീക്കം.
 
2030-ഓടെ സംസ്ഥാനത്ത് ഇത്തരം ബസുകള്‍ വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരത്തിലെ പെട്രോള്‍, ഡീസല്‍ ബസുകള്‍ ഒഴിവാക്കി വൈദ്യുതബസുകളാക്കുന്നതിലൂടെ വര്‍ഷം 25 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 2014 ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതബസുകള്‍ നിരത്തിലിറക്കിയിരുന്നു.