ന്യൂഡൽഹി: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്ന ഹർജി നാലാഴ്ചയ്ക്കുശേഷം കേൾക്കാമെന്ന് സുപ്രീംകോടതി.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ എളുപ്പത്തിൽ നീക്കംചെയ്യരുതെന്നും ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായയുടെ ഹർജിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഹർജി സുപ്രീംകോടതി അവസാനമായി പരിഗണിച്ചത്. എട്ടാഴ്ചയ്ക്കുശേഷം കേൾക്കാമെന്ന് അന്നു പറഞ്ഞെങ്കിലും ഇതുവരെ ലിസ്റ്റ് ചെയ്തിരുന്നില്ല. തുടർന്ന് ഹർജി ഉടൻ കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് നാലാഴ്ചയ്ക്കുശേഷം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കാൻ മൂന്നംഗ കൊളീജിയം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയമാണ് നിയമനം നടത്തേണ്ടത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്ര സെക്രട്ടേറിയറ്റ് വേണമെന്നും ചട്ടങ്ങളുണ്ടാക്കാൻ അവർക്കും അധികാരം നൽകണമെന്നും ആവശ്യപ്പെട്ടു.

Content highlights: Election Commission Supreme court