ന്യൂഡൽഹി: നിശ്ശബ്ദപ്രചാരണവേളയിൽ ബി.ജെ.പി.യുടെ നമോ ടി.വി.യിൽ തിരഞ്ഞെടുപ്പു കാര്യങ്ങൾ സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ നിർദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു നടക്കാൻബാക്കിയുള്ള ആറുഘട്ടങ്ങളിലും നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കമ്മിഷൻ ആവശ്യപ്പെട്ടു.

‌ടി.വി. ചാനലുകളും സമാനമായ മറ്റു മാധ്യമങ്ങളും സംപ്രേഷണം ചെയ്യുന്ന രാഷ്ട്രീയ ഉള്ളടക്കം മുൻകൂട്ടി പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ട ഉദ്യോഗസ്ഥൻ ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ്. ഇതിന് അദ്ദേഹത്തെ സഹായിക്കാൻ മാത്രമായി സമിതിയെ നിയോഗിച്ചിട്ടുമുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 48 മണിക്കൂറാണ് നിശ്ശബ്ദപ്രചാരണം. ഈ സമയത്ത് ചലച്ചിത്രം, െടലിവിഷൻ, സമാനമായ മറ്റു മാധ്യമങ്ങൾ എന്നിവവഴി തിരഞ്ഞെടുപ്പുകാര്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ 126-ാം വകുപ്പുപ്രകാരം വിലക്കുണ്ട്. രാഷ്ട്രീയ പ്രചാരണങ്ങളുടെ സ്വാധീനമില്ലാതെ ആർക്കു വോട്ട് ചെയ്യണമെന്ന് വോട്ടർക്ക് ആലോചിക്കാനുള്ള സമയമാണ് ഈ 48 മണിക്കൂർ. ഈ സമയത്ത് ദൃശ്യമാധ്യമങ്ങൾക്കുള്ള നിയന്ത്രണം അച്ചടി മാധ്യമങ്ങൾക്കു ബാധകമല്ല.

നമോ ടി.വി.യിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും ഡൽഹിയിലെ സമിതിയുടെ സാക്ഷ്യപത്രം വേണമെന്നും അതില്ലാത്തവ നീക്കുമെന്നും കമ്മിഷൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Content Highlights: Election Commission Against NamoTV