ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ആവശ്യം. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയ നിരീക്ഷണങ്ങളിലോമാത്രം മാധ്യമറിപ്പോർട്ടുകൾ ഒതുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ ആവശ്യം കോടതി നിരസിച്ചു.

കോവിഡ് രണ്ടാംതരംഗത്തിനുകാരണം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി പരാമർശിച്ചിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ കോടതിയെ സമീപിച്ചത്. കോവിഡ് കേസുകൾ വർധിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച മദ്രാസ് ഹൈക്കോടതി അതേ നിലപാടിൽ ഉറച്ചുനിന്നു. കമ്മിഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയുടെ അഭ്യർഥനകൾ തള്ളിയ ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് കമ്മിഷന്റെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചു. മന്ത്രി വിജയഭാസ്കർ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി കമ്മിഷനെ രൂക്ഷമായി വിമർശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ നിങ്ങൾ വേറെ ഏതെങ്കിലും ഗ്രഹത്തിലായിരുന്നോ എന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി ചോദിച്ചത്.

ഒരാൾ ജീവിച്ചിരുന്നാൽമാത്രമേ ജനാധിപത്യവും അവകാശങ്ങളും ആസ്വദിക്കാൻ സാധിക്കൂവെന്നും കോടതി പരാമർശിച്ചു. അതേസമയം, കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വാക്കാലുള്ള ഈ നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്നു കമ്മിഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതിയുടെ വിമർശനം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിച്ഛായ കളങ്കപ്പെട്ടുവെന്നും സ്വതന്ത്ര ഭരണഘടനാ ഏജൻസിയെന്ന നിലയിലുളള വിശ്വാസ്യതയ്ക്ക് മങ്ങലേറ്റുവെന്നും ഇത് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാൻ ഇടയാക്കിയെന്നും കമ്മിഷൻ ഹർജിയിൽ പ്രതിപാദിച്ചു. കൗണ്ടിങ് കേന്ദ്രങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വോട്ടെണ്ണൽ തടയുമെന്നും കോടതി മുന്നറിയിപ്പുനൽകിയിരുന്നു.