ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനകളിൽ ആദ്യ നാല് ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് 3.4 കോടി രൂപ. പെരുമാറ്റച്ചട്ടം നിലവിൽവന്ന ഞായറാഴ്ചമുതലുള്ള കണക്കാണിത്. തിരുവാരൂരിൽ രണ്ടിടങ്ങളിൽനിന്നായി 6.43 ലക്ഷം രൂപയും സത്യമംഗലത്തു നിന്ന് 5.84 ലക്ഷം രൂപയും മേട്ടുപ്പാളയത്ത് ഒരു ലക്ഷം രൂപയും തിരുനെൽവേലിയിൽ നിന്ന് 95,000 രൂപയുമാണ് പിടികൂടിയത്. പോലീസ് നടത്തുന്ന വാഹന പരിശോധനകൾക്ക് പുറമെ പ്രത്യേക ഫ്ളൈയിങ് സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് കമ്മിഷൻ പരിശോധനകൾ നടത്തുന്നത്. 50,000 രൂപയ്ക്ക് മുകളിൽ പണമായി കൈയിൽ സൂക്ഷിക്കുന്നവരെയാണ് പിടികൂടുന്നത്. പണത്തിന്റെ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ തുക പിടിച്ചെടുക്കും. ഇതിനായി സർക്കാർതല നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം പണക്കടത്ത് തടയുന്നതിനായി ജില്ലാടിസ്ഥാനത്തിൽ മൂന്നംഗ നിരീക്ഷകസമിതി രൂപവത്‌കരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ സത്യവ്രത സാഹു അറിയിച്ചു. രേഖകൾ ഹാജരാക്കുന്ന പൊതുജനങ്ങൾക്കും വ്യവസായിക ആവശ്യത്തിന് പണം കൈമാറുന്നവർക്കും പരിശോധനകളിൽ ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽവന്ന ആദ്യദിനംതന്നെ കണക്കിൽപ്പെടാത്ത 78 ലക്ഷം രൂപ സംസ്ഥാനത്ത് പിടികൂടിയിരുന്നു.

Content Highlights: election, 3.4 crore illegal money seized from tamil nadu