ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കം അനിശ്ചിതത്വത്തിലാക്കിയത് ചെറുപാര്‍ട്ടികളെ. അവസാനമില്ലാതെ തുടരുന്ന തര്‍ക്കം സഖ്യചര്‍ച്ചകളെ ബാധിച്ചതിനാല്‍ ഈ പാര്‍ട്ടികള്‍ അതൃപ്തിയിലാണ്. പ്രതിസന്ധി തുടരുന്നതിനാല്‍ ഈ പാര്‍ട്ടികള്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പ്രചാരണം തുടങ്ങാനാവാത്ത സ്ഥിതിയുണ്ട്.

പലയിടത്തും സഖ്യം രൂപപ്പെടാതെ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. രാഷ്ട്രീയ ലോക്ദള്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. എന്‍.സി.പി. സഖ്യത്തിന് തയ്യാറെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹുജന്‍ സമാജ് സ്വാഭിമാന്‍ സംഘര്‍ഷ് സമിതിയും സഖ്യത്തിനുള്ള ഒരുക്കത്തിലാണ്.

ബി.ജെ.പി.യെ യു.പി.യില്‍ തോല്‍പ്പിക്കുക എന്നതാണ് നിലപാടെന്ന് കഴിഞ്ഞദിവസം ജെ.ഡി.യു. നേതാവ് കെ.സി. ത്യാഗി വ്യക്തമാക്കുകയും ചെയ്തു. ആര്‍.ജെ.ഡി., ജനതാദള്‍ (യു), ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികളുമായി കൂടിച്ചേര്‍ന്നുള്ള മഹാസഖ്യത്തിന് ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും സമാജ്വാദി പാര്‍ട്ടിയിലെ ചേരിപ്പോരിലുള്ള അതൃപ്തി ഈ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. ബി.എസ്.പി. സ്ഥാനാര്‍ഥികളെ ഉപയോഗിച്ചുമുള്ള പ്രചാരണം മിക്കയിടത്തും തുടങ്ങിക്കഴിഞ്ഞു.

അതേസമയം, പ്രചാരണക്കൊടുങ്കാറ്റ് സൃഷ്ടിക്കാനാണ് ബി.ജെ.പി. തയ്യാറെടുക്കുന്നത്. സാങ്കേതിക വിദഗ്ധരുള്‍പ്പെട്ട വന്‍നിരയെയാണ് ബി.ജെ.പി. പ്രചാരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ഐ.ഐ.ടി.യില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരെയടക്കം ബി.ജെ.പി. ഇതിനായി ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ മികച്ച രീതിയില്‍ തിരഞ്ഞെടുപ്പുപ്രചാരണം നടത്തി യുവവോട്ടര്‍മാരെ ആകര്‍ഷിക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. സാങ്കേതിക സൗകര്യമുള്ള 400 വാനുകള്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. 1600-ഓളം ബൈക്കുകളും ഇതിനായി ഉപയോഗിക്കും.

കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യം ഉറപ്പിച്ച മട്ടിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്നിട്ടുണ്ട്. അഖിലേഷ് യാദവിന്റെയും രാഹുലിന്റെയും ചിത്രങ്ങളോടെയാണ് ബോര്‍ഡുകള്‍. സഖ്യമുണ്ടാക്കും എന്നുറപ്പിച്ച മട്ടിലാണ് പ്രവര്‍ത്തകര്‍ ചിലര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവും പ്രിയങ്കാഗാന്ധിയും നില്‍ക്കുന്ന ചിത്രങ്ങളും ബോര്‍ഡുകളിലുണ്ട്.