ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ഏതു വേദിയിലും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ‘മാതൃഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

EIA 2020ഇപ്പോൾ വിവാദമായ വ്യവസ്ഥകളൊന്നും മോദി സർക്കാരിന്റെ കണ്ടുപിടിത്തമല്ല. യു.പി.എ. സർക്കാർ നടപ്പാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. “പ്രസിദ്ധീകരിച്ചത് കരട് വിജ്ഞാപനം മാത്രമാണ്. സർക്കാരിന്റെ നയമോ അന്തിമവിജ്ഞാപനമോ അല്ല. 2006-ലെ വിജ്ഞാപനത്തെ 15 വർഷത്തിനുശേഷം വിലയിരുത്തുകയും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുകയും വേണം. അതാണു ചെയ്തത്.

നിലവിലുള്ള നിയമത്തിനുമേൽ 55 ഭേദഗതികളും 230 ഓഫീസ് മെമ്മോറാണ്ടങ്ങളും യു.പി.എ. സർക്കാർ കൊണ്ടുവന്നിരുന്നു. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ യു.പി.എ. നടപ്പാക്കിയത് ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴിയാണ്. ഇത് പൊതുജനങ്ങളെ അറിയിച്ചിരുന്നില്ല. ഇവയെല്ലാം ക്രമീകരിക്കുകയാണ് കരടിലൂടെ ചെയ്തത്. വിവിധ കോടതികളുടെ വിധികളും ഹരിത ട്രിബ്യൂണൽ ഉത്തരവുകളും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ എതിർപ്പുകളുയർന്നിരിക്കുന്ന പോസ്റ്റ് ഫാക്ടോ വ്യവസ്ഥ (പദ്ധതി നിലവിൽവന്നശേഷം അനുമതി) യു.പി.എ. സർക്കാരിന്റെ സംഭാവനയാണ്. യു.പി.എ. സർക്കാർ ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴി വൻകിട വ്യവസായങ്ങൾക്ക് പോസ്റ്റ് ഫാക്ടോ വ്യവസ്ഥപ്രകാരം പരിസ്ഥിതി അനുമതി നൽകിയിട്ടുണ്ട്. അതിന് ക്രമം നൽകുകയാണ് എൻ.ഡി.എ. സർക്കാർ ചെയ്തത്. മാത്രമല്ല, പദ്ധതികളോടുള്ള സമീപനം സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവുകൾ നിലവിലുണ്ട്. വ്യവസായങ്ങളോ പദ്ധതികളോ ചട്ടംലംഘിച്ചെന്ന് കണ്ടെത്തിയാൽ അവരുടെ കേസുകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് ജാർഖണ്ഡ് കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം പരിസ്ഥിതി അനുമതികൾ ഭാവികാല സ്വഭാവമുള്ളതായിരിക്കണം, മുൻകൂർ പ്രാബല്യത്തിലായിരിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പരിസ്ഥിതി ചട്ടം ലംഘിച്ചാൽ, പദ്ധതി പൂട്ടൽ പരിഹാരമാർഗമല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമീപനമാണ് നടപ്പാക്കുന്നത്. ചട്ടം ലംഘിക്കുന്നവരിൽനിന്ന് കനത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ചെന്ന ആരോപണം വസ്തുതാപരമല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ 30 ദിവസമായിരുന്നു കാലാവധി. ഇത് 20 ദിവസമായി കുറച്ചെന്നത് ശരിയാണ്. കാരണം, പൊതുജനാഭിപ്രായം കേൾക്കാൻ ഒരു ദിവസമേ ആവശ്യമുള്ളൂ. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന നടപടിക്രമം ഇതിന് ആവശ്യമില്ല.

പരിസ്ഥിതി അനുമതിയുടെ കാലാവധി 10 വർഷമായി നീട്ടിയത് വ്യവസായ ലോബികളെ സഹായിക്കാനാണെന്ന ആക്ഷേപത്തിലും കഴമ്പില്ല. നിലവിലും 10 വർഷമാണ് കാലാവധി. പദ്ധതി തുടങ്ങുമ്പോൾ അഞ്ചുവർഷം കാലാവധി നൽകും. തുടർന്ന് മന്ത്രാലയത്തെ സമീപിച്ചാൽ അഞ്ചുവർഷംകൂടി നീട്ടും എന്നതാണ് നിലവിലെ രീതി. ഈ കാലതാമസം ഒഴിവാക്കാൻ ഞങ്ങൾ തുടക്കത്തിൽത്തന്നെ 10 വർഷത്തേക്ക് അനുമതി നൽകുന്നു” -മന്ത്രി പറഞ്ഞു.

Content Highlights: EIA Prakash Javadekar