ന്യൂഡൽഹി: പരിസ്ഥിതി ആഘാതം വിലയിരുത്തൽ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തെക്കുറിച്ച് ലഭിച്ച 18 ലക്ഷത്തോളം അഭിപ്രായങ്ങളുടെ പ്രാഥമിക പരിശോധന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചു. കരടിലെ രണ്ടു വ്യവസ്ഥകളെക്കുറിച്ചാണ് കൂടുതൽ എതിർപ്പും നിർദേശങ്ങളും ലഭിച്ചിരിക്കുന്നത്.

പദ്ധതി ആരംഭിച്ചശേഷം പരിസ്ഥിതി അനുമതി നേടിയാൽ മതി(പോസ്റ്റ് ഫാക്ടോ ക്ലിയറൻസ്)യെന്ന ശുപാർശ, പരിസ്ഥിതി അനുമതിയും ജനാഭിപ്രായം തേടലും വേണ്ടാത്ത ബി.2 വിഭാഗത്തിൽ കൂടുതൽ പദ്ധതികളെയും വ്യവസായങ്ങളെയും ഉൾപ്പെടുത്താനുള്ള നിർദേശം എന്നിവയാണവ.

വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ബി.2 വിഭാഗത്തിൽ ഉൾപ്പെടുന്ന പദ്ധതികളുടെ എണ്ണം അന്തിമവിജ്ഞാപനത്തിൽ പുനഃപരിശോധിച്ചേക്കും. എന്നാൽ, പോസ്റ്റ് ഫാക്ടോ അനുമതിയെന്ന വ്യവസ്ഥ പുനഃപരിശോധിക്കാനിടയില്ലെന്നാണ് സൂചന. ഇതിനു പകരംവെക്കാൻ നിയമസാധുതയുള്ള പ്രായോഗികമായ മറ്റൊരു നടപടിക്രമം നിർദേശിക്കാനുണ്ടെങ്കിൽ മാത്രമേ മാറ്റേണ്ടതുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ നിലവിലെ നിലപാട്.

പോസ്റ്റ് ഫാക്ടോ അനുമതിയെക്കുറിച്ച് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് കേന്ദ്ര പരിസ്ഥിതി സെക്രട്ടറി ആർ.പി. ഗുപ്തയുടെ വാദം. പദ്ധതി ആരംഭിച്ചശേഷം പരിസ്ഥിതി അനുമതി നേടിയാൽ മതിയെന്ന വ്യവസ്ഥയെ മുൻകാല പ്രാബല്യത്തിലുള്ള അനുമതി എന്ന നിലയിലാണ് പലരും തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു.

നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയും കനത്ത പിഴശിക്ഷയും ഉണ്ടാകും. മാത്രമല്ല, മുൻകാലപ്രാബല്യം കണക്കാക്കിയല്ല പരിസ്ഥിതി അനുമതിക്കുള്ള പുതിയ അപേക്ഷ പരിഗണിക്കുന്നത്. പദ്ധതി നടത്തിപ്പുകാർ പുതിയ പരിസ്ഥിതി അനുമതിക്കായി അപേക്ഷിക്കുന്ന തീയതിയാണ് സർക്കാർ പരിഗണിക്കുന്നത്. കരടിലെ വ്യവസ്ഥകൾ സുപ്രീംകോടതിയുടെയും ജാർഖണ്ഡ് കോടതിയുടെയും ഉത്തരവുകൾക്കനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി അനുമതി ആവശ്യമില്ലാത്ത ബി.2 വിഭാഗത്തിൽ കൂടുതൽ പദ്ധതികളും വ്യവസായങ്ങളും ഉൾപ്പെടുത്തിയെന്ന ആക്ഷേപം പരിശോധിക്കാവുന്നതാണ്. പരിസ്ഥിതി നിയമലംഘനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ പരാതിപ്പെടേണ്ടതില്ല എന്ന വ്യവസ്ഥയും പുനഃപരിശോധിക്കും. പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്ന സംവിധാനം രൂപപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഒരു നിയമലംഘനത്തിന്റെ പേരിൽ ഒരു പദ്ധതി പൂട്ടാൻ ഉത്തരവിടുക എന്നത് തെറ്റാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. എല്ലാ പദ്ധതികളിലും ഒട്ടേറെ ജനങ്ങൾ തൊഴിൽ ചെയ്യുന്നുണ്ടെന്നും ബാങ്ക് പണവും നിക്ഷേപവും ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള വസ്തുതകൾകൂടി കണക്കിലെടുക്കണമെന്നും ഗുപ്ത വാദിച്ചു.

Content Highlights: EIA environment