ബെംഗളൂരു: പരിസ്ഥിതി ആഘാതപഠന അന്തിമ കരട് വിജ്ഞാപനത്തിനുള്ള (ഇ.ഐ.എ-2020) സ്റ്റേ കർണാടക ഹൈക്കോടതി അനിശ്ചിതകാലത്തേക്ക് നീട്ടി. അന്തിമ വിജ്ഞാപനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിന് ഇത് തിരിച്ചടിയായി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അന്തിമ വിജ്ഞാപനമിറക്കരുതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടിസ് അയക്കാനും ചീഫ് ജസ്റ്റിസ് അഭയ് എസ്. ഒക അധ്യക്ഷനായ ഡിവിഷൻെബഞ്ച് ഉത്തരവിട്ടു.

എതിർപ്പറിയിക്കാനുള്ള അവസരം നൽകണമെന്ന് നിർദേശിച്ച് കർണാടക ഹൈക്കോടതി ഓഗസ്റ്റ് അഞ്ചിന് അന്തിമവിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സെപ്റ്റംബർ ഏഴുവരെ സ്റ്റേചെയ്തിരുന്നു. ഇതിൽ കേന്ദ്രം മറുപടി സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്റ്റേ നീട്ടിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചത് ജനാഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം ഇല്ലാതാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം അന്തിമവിജ്ഞാപനം താത്‌കാലികമായി തടഞ്ഞത്. ജനങ്ങൾക്ക് അവരുടെ എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിച്ചതായി കോടതി നിരീക്ഷിച്ചു.

കരട് വിജ്ഞാപനം കന്നഡയിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനത്തിന് വേണ്ടത്ര പ്രചാരം നൽകി ജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സമയം അനുവദിച്ചതിന് ശേഷം സ്റ്റേ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാരിന് കോടതിയെ സമീപിക്കാം. ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ പ്രസിദ്ധീകരിക്കാൻ കഴിയൂവെന്ന കേന്ദ്രസർക്കാർവാദം കോടതി തള്ളി. കരട് വിജ്ഞാപനം പ്രാദേശികഭാഷകളിൽ പ്രസിദ്ധീകരിച്ച് ആവശ്യത്തിന് പ്രചാരം നൽകണമെന്നും കോടതി നിർദേശിച്ചു.

ഇ.ഐ.എ-2020 അന്തിമവിജ്ഞാപനത്തിന് സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് കൺസർവേഷൻ മൂവ്‌മെന്റ് നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം വിജ്ഞാപനമിറക്കുമ്പോൾ സർക്കാർ പ്രാദേശികമാധ്യമങ്ങൾവഴി വൻപ്രചാരം നൽകിയിരുന്നുവെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രിൻസ് ഐസക്ക് ഹൈക്കോടതിയെ ബോധിപ്പിച്ചു. വിജ്ഞാപനത്തിനെതിരേ ബെംഗളൂരു എൻവയർമെന്റ് ട്രസ്റ്റും കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. പരിസ്ഥിതിനിയമങ്ങൾ ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും ഇത് പരിശോധിക്കുന്നതിന് റിട്ട. ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽസമിതി രൂപവത്കരിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മുൻകാല കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ഇതിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടിസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

Content Highlights: EIA 2020- Karnataka High Court bans final notification