ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) വിജ്ഞാപനത്തിന്റെ കരട് 22 ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതിന് കേന്ദ്രത്തിനെതിരേ ഡൽഹി ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. അതേസമയം, പരിഭാഷകൾ പ്രസിദ്ധീകരിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

ഹൈക്കോടതി ഉത്തരവിനെതിരേ അവിടെത്തന്നെ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി അനുമതി നൽകി. അവിടെ പരാജയപ്പെട്ടാൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. അതുവരെയാണ് കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തത്.

ഔദ്യോഗികഭാഷാ ചട്ടപ്രകാരം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാവൂ എന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അങ്ങനെയെങ്കിൽ ചട്ടത്തിൽ ഭേദഗതി വരുത്തേണ്ടതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പല സംസ്ഥാനങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിയണമെന്നില്ലെന്നും കോടതി പറഞ്ഞു. പരിഭാഷയുടെ പരിമിതികൾ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോൾ, ആ പ്രശ്‌നം ഇംഗ്ലീഷിനുമില്ലേയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

പത്തുദിവസത്തിനകം 22 ഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന ജൂൺ 30-ന്റെ ഉത്തരവ് പാലിച്ചില്ലെന്നുകാട്ടി പരിസ്ഥിതിപ്രവർത്തകൻ വിക്രാന്ത് തൊംഗാദ് നൽകിയ ഹർജിയിലാണ് പരിസ്ഥിതിവകുപ്പ് സെക്രട്ടറിക്കെതിരേ ഹൈക്കോടതി നോട്ടീസയച്ചത്. ഈമാസം 17-നകം കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അതിനു മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.