ചെന്നൈ: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.-2020) കരട് വിജ്ഞാപനത്തിന്റെ തമിഴ് പരിഭാഷ തയ്യാറാണെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കരട് വിജ്ഞാപനം പ്രാദേശികഭാഷകളിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഇത് രേഖാമൂലം അറിയിക്കാനാവശ്യപ്പെട്ട കോടതി ഹർജി ഈമാസം 19-ലേക്ക് മാറ്റിവെച്ചു. ഇപ്പോൾ വാട്‌സാപ്പ് വഴി പ്രചരിക്കുന്ന ഇ.ഐ.എ. 2020-ന്റെ തമിഴ് പതിപ്പ് ശരിയായ വിവർത്തനമാണോ എന്ന് അറിയിക്കണമെന്നും കോടതി കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒരു മത്സ്യത്തൊഴിലാളി സംഘടനയാണ് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. വേണ്ടത്ര പ്രചാരം നൽകാത്തതിനാൽ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലുള്ളവരും വനമേഖലയിൽ താമസിക്കുന്നവരും ഇ.ഐ.എ. കരട് വിജ്ഞാപനത്തെപ്പറ്റി അജ്ഞരാണെന്ന് ഹർജിയിൽ പറയുന്നു. സംസ്ഥാനത്തെ എട്ടരക്കോടി ആളുകളിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് ഹിന്ദിയോ ഇംഗ്ലീഷോ അറിയാവുന്നത്. ഗ്രാമങ്ങളിലെ ഭൂരിപക്ഷം പേർക്കും ഈ ഭാഷകളറിയില്ല. ഇത് വിജ്ഞാപനം വായിച്ചു മനസ്സിലാക്കാൻ തടസ്സമാകുന്നു. കോവിഡ് മഹാമാരിയോടുള്ള പോരാട്ടത്തിനിടെ കരട് വിജ്ഞാപനത്തെക്കുറിച്ച് കുറഞ്ഞ സമയത്തിൽ പ്രതികരിക്കാൻ പൊതുജനങ്ങൾക്കാവുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആർ. ഹേമലത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.