ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ റോബർട്ട് വദ്ര ബുധനാഴ്ച ഹാജരായി. ഭാര്യയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് അദ്ദേഹം ഇ.ഡി. ഓഫീസിലെത്തിയത്.

ലണ്ടനിൽ ബ്രയൺസ്റ്റൻ സ്ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലായിരുന്നു ചോദ്യംചെയ്യൽ. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യംചെയ്യലിന്‌ ഹാജരാകാൻ വദ്രയോട് നിർദേശിച്ചിരുന്നു.

ലണ്ടനിൽ വാങ്ങിയ വസ്തുക്കളെ സംബന്ധിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചും ഇ.ഡി. ഉദ്യോഗസ്ഥർ ഡസനിലേറെ ചോദ്യങ്ങൾക്ക്‌ മറുപടി തേടിയതായി ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. മൂന്ന് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. തനിക്കെതിരേയുള്ള കേസ് അനുചിതവും നീതിമത്കരിക്കാനാവാത്തതും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് വദ്ര പിന്നീട്‌ പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇ.ഡി. രജിസ്റ്റർചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വദ്രയുടെ സഹായി മനോജ് അറോറയെ ഈമാസം 16 വരെ അറസ്റ്റുചെയ്യരുതെന്ന് പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാർ നിർദേശിച്ചു. വദ്രയ്ക്കെതിരേയുള്ള കേസ് 16-നാണ് വീണ്ടും പരിഗണിക്കുന്നതെന്നും അറോറയ്ക്കെതിരേയുള്ള കേസ് അന്നു പരിഗണിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.

ഭർത്താവിന് പൂർണപിന്തുണ -പ്രിയങ്ക

ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തില്ലെന്നും വ്യക്തമാക്കി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

“അദ്ദേഹം എന്റെ ഭർത്താവാണ്. എന്റെ കുടുംബമാണ്, ഞാൻ എന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നു” -ഇ.ഡി. ഓഫീസിനുപുറത്ത് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. കേസ് രാഷ്ട്രീയപകപോക്കലാണോയെന്ന ചോദ്യത്തിന്, എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മറുപടി.

ഭർത്താവിനെ ഇ.ഡി. ഓഫീസിൽ ഇറക്കിയശേഷമാണ് അവർ എ.ഐ.സി.സി. ആസ്ഥാനത്ത് ചുമതലയേൽക്കാൻ പോയത്.