ബെംഗളൂരു: അറസ്റ്റിലായ ബിനീഷ് കോടിയേരി ആരംഭിച്ച കമ്പനികളുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വിപുലപ്പെടുത്തുന്നു. ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ ഡയറക്ടർമായുള്ള രണ്ടു കമ്പനികളെക്കുറിച്ചുമാണ് അന്വേഷണം തുടങ്ങിയത്. ബിനീഷ് ഡയറക്ടറായ ബി. ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി. ക്യാപിറ്റൽ ഫൊറക്സ് ട്രെയ്ഡിങ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പ്രവർത്തനമാണ് അന്വേഷിക്കുന്നത്.

2015-ൽ ബെംഗളൂരുവിലാണ് സുഹൃത്തുമായിച്ചേർന്ന് ബി. ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ബിനീഷ് ആരംഭിച്ചത്. 2018-ൽ കമ്പനിയുടെ പ്രവർത്തനം നിർത്തി. ഈ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.യുടെ നിഗമനം. കമ്പനികളുമായിച്ചേർന്നുപ്രവർത്തിച്ചവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് ഇ.ഡി. കസ്റ്റഡി റിപ്പോർട്ടിൽ കോടതിയെ അറിയിച്ചിരുന്നു. വ്യാജമേൽവിലാസത്തിലാണ് ഇവ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളിൽനിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊച്ചിയിലെ റയിൻഹ ഇവന്റ് മാനേജ്‌മെന്റ്, ബെംഗളൂരുവിലെ യോഷ് ഇവന്റ് മാനേജ്‌മെന്റ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടിലും അന്വേഷണം തുടങ്ങി.

ലഹരിമരുന്നുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരാണ് ഡയറക്ടർമാർ. ബീനീഷിനുവേണ്ടിയാണ് കമ്പനികൾ നടത്തിയിരുന്നതെന്നാണ് മുഹമ്മദ് അനൂപ് മൊഴി നൽകിയത്. ഈ രണ്ടു കമ്പനികൾവഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി. കണ്ടെത്തിയത്. കമ്പനിയുമായിബന്ധപ്പെട്ട് പ്രവർത്തിച്ചവരെ കണ്ടെത്താനും ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളുമായി നടത്തിയ ഇടപാടും പരിശോധിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡിജിറ്റൽ രേഖകൾ പരിശോധിച്ചുവരികയാണ്.

സാമ്പത്തിക ഇടപാടിൽ ബിനീഷിനെ പത്താംദിവസവും ചോദ്യംചെയ്തു. രാവിലെ എട്ടരയോടെ ഇ.ഡി. സോണൽ ഓഫീസിലെത്തിച്ച ബിനീഷിനെ പത്തുമണിക്കാണ് മൂന്നംഗ സംഘം ചോദ്യംചെയ്യാൻ തുടങ്ങിയത്. ബിനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത ഡെബിറ്റ് കാർഡിലെ ഒപ്പിനെക്കുറിച്ചും കാർഡ് ഉപയോഗിച്ചുനടത്തിയ ഇടപാടുകളെക്കുറിച്ചുമാണ് ചോദിച്ചത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

നവംബർ 11 വരെയാണ് ബിനീഷിനെ കസ്റ്റഡിയിൽ അനുവദിച്ചത്. ബിനീഷിന്റെ ബിനാമിയാണെന്നുസംശയിക്കുന്ന അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റസ്റ്റോറന്റിലെ പങ്കാളി റഷീദ് എന്നിവരെ ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights:  ED expands probe into bineesh kodiyeri's companies' financial dealings