മുംബൈ: ഫ്യൂച്ചർ റീട്ടെയിലുമായുള്ള ഇടപാടിൽ വിദേശ നിക്ഷേപചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിനെതിരേ എൻഫോഴ്സ്മെന്റ് വകുപ്പ് അന്വേഷണത്തിനൊരുങ്ങുന്നു. ഫ്യൂച്ചർ റീട്ടെയിലും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള ഇടപാട് ചോദ്യംചെയ്ത് ആമസോൺ ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേ കേസിൽ ഡൽഹി ഹൈക്കോടതി അടുത്തിടെ നടത്തിയ പരാമർശത്തിന്റെ ചുവടുപിടിച്ച് ഇ.ഡി. കേസെടുത്തു.

ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പുമായി മൂന്നു കരാറുകളാണുണ്ടാക്കിയിട്ടുള്ളത്. ഇതുവഴി ഫ്യൂച്ചർ ഗ്രൂപ്പിൽ പരോക്ഷമായി ആമസോണിന് നിയന്ത്രണം ലഭിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇത് വിദേശ വിനിമയനിയമപ്രകാരം വിദേശ നിക്ഷേപചട്ടങ്ങളുടെ ലംഘനമാണ്. അതേസമയം, ഇ.ഡി. കേസെടുത്തതായി അറിവില്ലെന്ന് ആമസോൺ ഇന്ത്യ വക്താവ് പ്രതികരിച്ചു.

ഫ്യൂച്ചർ ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ ഫ്യൂച്ചർ കൂപ്പണിൽ ആമസോൺ 49 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാർ പ്രകാരം ഫ്യൂച്ചർ കൂപ്പണിന്റെ ആസ്തികൾ വിൽക്കുന്നതിന് ആമസോൺ നിബന്ധനകൾ വെച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ബഹുരാഷ്ട്ര കമ്പനികൾക്ക് വിദേശനിക്ഷേപ പരിധിയിൽ ഇളവു നൽകിയാൽ ഏതാനും വർഷംകഴിഞ്ഞ് ഫ്യൂച്ചർ റീട്ടെയിലിൽ ഓഹരിയെടുക്കാൻ ഇതിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല, ഫ്യൂച്ചർ കൂപ്പണിന്റെ ആസ്തികൾ റിലയൻസ് ഉൾപ്പെടെ പതിനഞ്ചോളം കമ്പനികൾക്ക് വിൽക്കരുതെന്നും നിർദേശമുണ്ട്. കരാറിലെ ഈ വ്യവസ്ഥ ഉന്നയിച്ചാണ് ആമസോൺ റിലയൻസ് റീട്ടെയിൽ - ഫ്യൂച്ചർ റീട്ടെയിൽ ഇടപാടിനെ എതിർത്ത് അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചത്.

content highlights: ed enquiry against amazon