ന്യൂഡൽഹി: ഹാഥ്‌റസ് സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിലും പ്രചാരണങ്ങളിലും കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. ജാതിസ്പർധ വളർത്തി സംഘർഷമുണ്ടാക്കാൻ ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ച് ഉടൻ ഇ.ഡി. കേസെടുത്തേക്കും.

ഹാഥ്‌റസ് ഇരയ്ക്കു നീതി എന്ന പേരിൽ പ്രചാരണം നടത്താൻ ഒരു വെബ്‌സൈറ്റ് രൂപവത്കരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പോലീസ് കുറ്റപത്രം ചുമത്തിയതിലുള്ള ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇ.ഡി. ലഖ്‌നൗ മേഖല ജോയന്റ് ഡയറക്ടർ രാജേശ്വർ സിങ് പറഞ്ഞു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വികസിപ്പിച്ചതാണ് വെബ് പോർട്ടൽ. ഹാഥ്‌റസ് സംഭവത്തെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ ഇതുവഴി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് പോലീസ് ആരോപിക്കുന്നു. പ്രദേശത്തെ സാഹചര്യം മുതലെടുത്ത് ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കുറ്റാരോപണം.