ബെംഗളൂരു: അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഹരിക്കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെബിറ്റ് കാർഡാണ് കണ്ടെടുത്തതെന്നും ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയെ അറിയിച്ചു.

ബിനീഷ് കോടിയേരിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വീട്ടിലെ റെയ്ഡിനിടയിൽ ഇ.ഡി. ഉദ്യോഗസ്ഥർ മുഹമ്മദ് അനൂപിന്റെ കാർഡ് കൊണ്ടുവന്നുവെച്ചതാണെന്ന ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ വാദത്തെ തള്ളുന്നതാണ് റിപ്പോർട്ട്. ഡെബിറ്റ് കാർഡിലെ ഒപ്പ് ബിനീഷിന്റേതാണെന്നും കോടതിയെ അറിയിച്ചു. കാർഡ് കോടതിയിൽ ഹാജരാക്കി.

എന്നാൽ, ഡെബിറ്റ് കാർഡ് ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിനിടയിൽ കൊണ്ടുവെച്ചതാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഉന്നത രാഷ്ട്രീയനേതാവായ ബിനീഷിന്റെ പിതാവിനെ മോശമായി ചിത്രീകരിക്കാനുള്ള കേസാണിതെന്നും ചൂണ്ടിക്കാട്ടി. ബിനീഷിന്റെ മെഡിക്കൽ റിപ്പോർട്ടിൽ ഇ.ഡി. കൃത്രിമം കാണിച്ചെന്നും ഡോക്ടർമാരുടെ നിർദേശമുണ്ടായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല.

ഡെബിറ്റ് കാർഡിന്റെ ഉപയോഗംസംബന്ധിച്ച് ബാങ്കിൽനിന്നു വിവരം ശേഖരിച്ചിട്ടുണ്ട്. ബിനീഷിന്റെ സാമ്പത്തികസഹായത്തോടെ മുഹമ്മദ് അനൂപ് ആരംഭിച്ച ഹയാത്ത് റെസ്റ്റോറന്റിനായാണ് കാർഡ് ഉപയോഗിച്ചിരുന്നത്. ഈ കാർഡാണ് ബിനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്തത്. ബീനിഷിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ.ഡി. വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് സഹകരിക്കുന്നില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കേരളത്തിൽനിന്നു വൻതുക വന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ല. ബിനീഷിന്റെ കേരളത്തിലെ ബിനാമി ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണ്. അതിനാൽ അഞ്ചുദിവസംകൂടി കസ്റ്റഡി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രത്യേക കോടതി നാലുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ബിനാമികളാണെന്നു സംശയിക്കുന്നവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ബിനീഷ് രാജ്യംവിടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.

എറണാകുളത്ത് രജിസ്റ്റർചെയ്ത റിയൻഹ ഇവന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിൽ രജിസ്റ്റർചെയ്ത യോഷ് ഇവന്റ് മാനേജ്‌മെന്റ് എന്നീ കമ്പനികൾ ബിനീഷിന്റെ ബിനാമിസ്ഥാപനങ്ങളാണ്. മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് കമ്പനിയുടെ ഡയറക്ടർമാർ. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾസംബന്ധിച്ച് ബാങ്കുകളിൽനിന്ന്‌ വിശദീകരണം തേടിയിട്ടുണ്ട്. ബിനീഷ് കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ടെന്നും മുഹമ്മദ് അനൂപ് ഇദ്ദേഹത്തിന്റെ ബിനാമിയാണെന്നും സുഹൃത്ത് സുഹാസ് കൃഷ്ണ ഗൗഡ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ബിനീഷിന്റെ ബിനാമിയാണെന്നു സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനെ ഒപ്പമിരുത്തി ചോദ്യംചെയ്യേണ്ടതുണ്ട്. മുഹമ്മദ് അനൂപിന്റെ ഹയാത്ത് റെസ്റ്റോറന്റിലെ പങ്കാളിയായ കോഴിക്കോട് സ്വദേശി റഷീദിന് സമൻസ് അയച്ചിട്ടുണ്ടെന്നും ഇയാൾ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചു.

കമ്പനികളെക്കുറിച്ച് അന്വേഷണം വേണം

ബെംഗളൂരു: ബിനീഷ് വ്യാജ മേൽവിലാസത്തിലുണ്ടാക്കിയതും ഇപ്പോൾ പ്രവർത്തിക്കാത്തതുമായ മൂന്ന് കമ്പനികളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന ഇ.ഡി. അറിയിച്ചു. ബെംഗളൂരുവിൽ ആരംഭിച്ച ബി. ക്യാപിറ്റൽ ഫോറക്സ് ട്രെയ്ഡിങ് ലിമിറ്റഡ്, ബി. ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണം. ഈ കമ്പനികൾ വഴി നടന്ന കള്ളപ്പണം വെളുപ്പിക്കൽ പരിശോധിക്കണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ഇ.ഡി. അറിയിച്ചു.

content highlights:ED debit card seized from raid at bineesh kodiyeri's house