ന്യൂഡൽഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലല്ലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക്‌ രാജ്യം മുന്നേറുകയാണെന്നും പാർലമെന്റിൽ ബജറ്റ് ചർച്ചയ്ക്കു മറുപടിപറയവേ അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്ത് ‘വലിയ ഡോക്ടർമാർ’ കൈകാര്യം ചെയ്യുമ്പോൾ ധനക്കമ്മി ഉയർന്നു നിൽക്കുകയായിരുന്നെന്ന് നിർമലാ സീതാരാമൻ പരിഹസിച്ചു. “മൂന്നുമാസത്തിനിടയിൽ ജി.എസ്.ടി. വരുമാനത്തിൽ ഒരുലക്ഷം കോടിയിലേറെ വർധനയുണ്ടായി. അന്താരാഷ്ട്രവികാരം ഇന്ത്യയ്ക്ക് അനുകൂലമാണ്. വിദേശനിക്ഷേപകർ ഇവിടെ പണം മുടക്കാൻ താത്പര്യം കാണിക്കുന്നു. നടപ്പുസാമ്പത്തികവർഷം 24.4 ബില്യൺ ഡോളർ വിദേശനിക്ഷേപം വന്നു. കഴിഞ്ഞവർഷം ഇത് 21.2 ബില്യൺ ഡോളറായിരുന്നു.

ജി.എസ്.ടി. വരുമാനം നവംബറിൽ ആറു ശതമാനമായിരുന്നെങ്കിൽ ജനുവരിയിൽ 12 ശതമാനമായി. സ്വകാര്യനിക്ഷേപം, സ്വകാര്യ ഉപഭോഗം, പൊതുനിക്ഷേപം, കയറ്റുമതി എന്നീ വളർച്ചയുടെ നാലു ഘടകങ്ങളിലും ഊന്നൽ നൽകിയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. നാലുവർഷത്തിനകം അടിസ്ഥാന സൗകര്യവികസനത്തിൽ 103 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ ഇതുവരെ അമ്പതിനായിരം കോടി രൂപ 8.1 കോടി കർഷകർക്കു നൽകിക്കഴിഞ്ഞു. മാർച്ചോടെ ഇതു എട്ടരക്കോടി കർഷകർക്ക് 54,370 കോടി രൂപ എന്ന നിലയിൽ ഉയരും. 2022-ഓടെ പ്രധാനമന്ത്രി ആവാസ് യോജനയിൽ 1.95 കോടി വീടുകൾ പൂർത്തിയാക്കും” -മന്ത്രി പ്രഖ്യാപിച്ചു.

കച്ചവടക്കാർക്ക് പെൻഷൻ ഉൾപ്പെടെ ഉപഭോഗം വർധിപ്പിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികളും മന്ത്രി വിശദീകരിച്ചു. വിവിധ വിഭാഗങ്ങൾക്കു നീക്കിവെച്ചിട്ടുള്ള അധികവിഹിതവും ക്ഷേമപദ്ധതികൾ വിശദീകരിക്കാൻ അവർ അക്കമിട്ടുനിരത്തി.

ആദ്യഘട്ടം കഴിഞ്ഞു; ഇനി സമ്മേളനം മാർച്ച് രണ്ടിന്

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി പാർലമെന്റ് ചൊവ്വാഴ്ച പിരിഞ്ഞു. മാർച്ച് രണ്ടിനാണ് അടുത്തഘട്ടം തുടങ്ങുക. ഏപ്രിൽ മൂന്നുവരെയായിരിക്കും രണ്ടാംഘട്ടം.

Content Highlights: Economy not in trouble; green shoots visible, says Nirmala Sitharaman