: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് പത്തു ശതമാനം സാമ്പത്തിക സംവരണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്യുന്ന ഹർജികൾ ഏപ്രിൽ എട്ടിന് കേൾക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യവും അന്നു പരിഗണിക്കുമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സാമ്പത്തികസംവരണം നടപ്പാക്കിക്കൊണ്ട് റെയിൽവേ റിക്രൂട്ട്‌മെന്റ് നടത്താൻ പോവുകയാണെന്ന് പരാതിക്കാർ അറിയിച്ചപ്പോൾ, സുപ്രീംകോടതിയുടെ വിധിക്കനുസരിച്ച് മാത്രമേ അവർക്കത് ചെയ്യാനാകൂവെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. സാമ്പത്തിക സംവരണം ചോദ്യംചെയ്തുള്ള ഹർജിയിൽ പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയിൽ നടക്കുന്ന നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ഹർജി പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൊതുവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം നൽകാനുള്ള തീരുമാനം സ്റ്റേ ചെയ്യാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. മുന്നാക്ക വിഭാഗത്തിന് സംവരണം നൽകുന്നതിനായി ഭരണഘടനയിൽ വരുത്തിയ 103-ാം ഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. യൂത്ത് ഫോർ ഇക്വാലിറ്റി, ജൻഹിത് അഭിയാൻ എന്നീ സംഘടനകളും കോൺഗ്രസ് നേതാവും ബിസിനസ്സുകാരനുമായ തെഹ്‌സീൻ പൂനാവാലയുമാണ് പരാതി നൽകിയത്.

സാമ്പത്തികസംവരണത്തെ അനുകൂലിച്ച് കേരള മുന്നാക്ക സമുദായ ഐക്യമുന്നണിയും എതിർത്ത് കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ എസ്.സി, എസ്.ടി. ഫെഡറേഷനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംവരണത്തിന് സാമ്പത്തികം മാത്രം മാനദണ്ഡമാക്കരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയെ ആസ്പദമാക്കിയാണ് മുഖ്യ ഹർജിക്കാരുടെ വാദം. ഭരണഘടനാ ഭേദഗതി ബിൽ സുപ്രീംകോടതി വിധിയുടെ വ്യക്തമായ ലംഘനമാണെന്നും തുല്യരായവരെ വിവേചനപരമായി കാണരുതെന്നും അവർ ചൂണ്ടിക്കാട്ടി.

സാമ്പത്തികസംവരണം വിവേചനമാണെന്ന് എസ്.സി., എസ്.ടി. ജീവനക്കാരുടെ ഫെഡറേഷനുവേണ്ടി അഡ്വ. കാളീശ്വരം രാജ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമ്പത്തികാടിസ്ഥാനത്തിലാണ് സംവരണമെങ്കിൽ അതിൽനിന്ന് പിന്നാക്കക്കാരെ ഒഴിച്ചുനിർത്തുന്നത് വിവേചനമാണെന്നും ഹർജിയിൽ പറഞ്ഞു.

Content Highlights: Economic Reservation