ദഹേജ്(ഗുജറാത്ത്): സാമ്പത്തികപരിഷ്‌കരണത്തിനുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കലിന്റെയും ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുടെയും പേരില്‍ പ്രതിപക്ഷകക്ഷികളുടെ കടന്നാക്രമണം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ ദഹേജില്‍ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

'പരിഷ്‌കരണത്തിനുള്ള അതികഠിനമായ തീരുമാനങ്ങള്‍ക്കുശേഷം സമ്പദ്!ഘടന ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഒട്ടേറെ സാമ്പത്തികവിദഗ്ധര്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. വിദേശനിക്ഷേപകര്‍ റെക്കോഡ് നിക്ഷേപമാണ് രാജ്യത്ത് നടത്തുന്നത്. പരിഷ്‌കരണങ്ങള്‍ തുടര്‍ന്നാല്‍മാത്രമേ സാമ്പത്തികസ്ഥിരത കൈവരികയുള്ളൂ. സാമ്പത്തികവികസനം കൊണ്ടുവരാനും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുമായി ഇനിയും നടപടികള്‍ സ്വീകരിക്കും' -മോദി പറഞ്ഞു.

ജി.എസ്.ടി.യുടെ ഭാഗമായാല്‍ തങ്ങളുടെ പഴയ കാര്യങ്ങള്‍ ആദായനികുതിവകുപ്പ് പരിശോധിക്കുമെന്നാണ് വ്യാപാരികളുടെ ഭയം. എന്നാല്‍, അതുണ്ടാവില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ''ജി.എസ്.ടി. നിലവില്‍വന്നതിനെത്തുടര്‍ന്ന് ചെക്‌പോസ്റ്റുകളില്ലാതാവുകയും അഴിമതി കുറയുകയുംചെയ്തു''- അദ്ദേഹം പറഞ്ഞു.

 
ഫെറി സര്‍വീസ് തുടങ്ങി

ഗുജറാത്തിലെ ഭാവ്‌നഗറിനടുത്തുള്ള ഘോഘോയില്‍നിന്ന് ഖംബത്ത് ഉള്‍ക്കടലിലൂടെ ദക്ഷിണ ഗുജറാത്തിലെ ദഹേജിലേക്ക് ഫെറി സര്‍വീസ് തുടങ്ങി. 650 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. റോഡുമാര്‍ഗം 360 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിയിരുന്ന സ്ഥാനത്ത് ഫെറി സര്‍വീസിലൂടെ ദൂരം 31 കിലോമീറ്ററായി ചുരുങ്ങും. യാത്രാസമയം ഒരു മണിക്കൂറായി കുറയും. 500 യാത്രികരെ ഒരേസമയം വഹിക്കാന്‍ കഴിയുന്നതാണ് പുതിയ ഫെറി സര്‍വീസ്.

പരിസ്ഥിതിയുടെ പേരുപറഞ്ഞ് ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ യു.പി.എ. സര്‍ക്കാര്‍ മുമ്പ് മുടക്കിയെന്ന് മോദി ആരോപിച്ചു. ഫെറി സര്‍വീസ് ആറരക്കോടി ഗുജറാത്തികളുടെ സ്വപ്‌നമായിരുന്നു. അതാണിന്ന് യാഥാര്‍ഥ്യമായത്'- മോദി പറഞ്ഞു.

1960-കളിലാണ് ഫെറി സര്‍വീസെന്ന ആശയം വന്നത്. 2012-ല്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതിന് തറക്കല്ലിട്ടത്.