ന്യൂഡൽഹി: പശ്ചിമബംഗാൾ ഡി.ജി.പി. വീരേന്ദ്രയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കി. പി. നിരജ്നയനെ ഡി.ജി.പി.യായി നിയമിക്കാൻ ചീഫ് സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ചുമതലകൾ വീരേന്ദ്രയ്ക്ക് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

വീരേന്ദ്ര ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് ഒട്ടേറെ രാഷ്ട്രീയപ്പാർട്ടികൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് മാറ്റമെന്ന് കമ്മിഷൻ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ പത്തുമണിക്കകം ഉത്തരവ് നടപ്പാക്കി വിവരമറിയിക്കാനാണ് ചീഫ് സെക്രട്ടറിയോട് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എട്ടുഘട്ടമായി നടക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 27-ന് നടക്കാനിരിക്കെയാണ് മാറ്റം. നേരത്തേ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. ജാവേദ് ഷാമിനെയും കമ്മിഷൻ മാറ്റിയിരുന്നു.