മുംബൈ: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രന്‍ സൊഹൈല്‍ കക്കാര്‍ (36) അമേരിക്കന്‍ തടവറയിലെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്ന്-ആയുധ കൈമാറ്റക്കേസില്‍ 2015 ഡിസംബറിലാണ് ഇയാള്‍ യു.എസ്. പോലീസിന്റെ പിടിയിലായത്.

റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന ഭീകരസംഘടനയ്ക്ക് സൊഹൈലും രണ്ട് പാകിസ്താന്‍സ്വദേശികളും മിസൈല്‍സംവിധാനങ്ങള്‍ കൈമാറിയതും പാകിസ്താനില്‍നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയതുമാണ് കേസ്.

2014-ല്‍ സ്‌പെയിനില്‍ പിടിയിലായ ഇയാളെ, പിന്നീട് യു.എസ്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന് കൈമാറുകയായിരുന്നു. 25 വര്‍ഷം മുതല്‍ ആജീവനാന്തംവരെയുള്ള തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സൊഹൈലില്‍ ചുമത്തിയിരിക്കുന്നത്.

ദാവൂദിന്റെ ഇളയസഹോദരന്‍ നൂറയുടെ മകനാണ് അലി ഡാനിഷ് എന്നറിയപ്പെടുന്ന സൊഹൈല്‍.