ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപ മതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതിൽ കേന്ദ്ര സർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം.

‘‘3000 കിലോയിലധികം ഹെറോയിൻ പിടിച്ചെടുത്തത് ആശ്ചര്യപ്പെടുത്തുന്നു. രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന വലിയ കുറ്റവാളിശൃംഖലയുടെ സാന്നിധ്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം ജൂണിലും മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഉയർന്ന ഉദ്യോഗസ്ഥപിന്തുണയില്ലാതെ ഇതു സാധ്യമല്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നിവർ മൗനം പാലിക്കുന്നതെന്താണ്’’? -ചിദംബരം ചോദിച്ചു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മയക്കുമരുന്നു കടത്തുകാരുടെ ഇഷ്ടമാർഗം ഗുജറാത്ത് തീരമാണെന്ന കോൺഗ്രസ് ആരോപണത്തിന്റെ പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.