ബെംഗളൂരു: കേരള സർക്കാരിന്റെ സിവിൽകരാറുകൾ ലഭിക്കാൻ ബിനീഷ് കോടിയേരിയുമായി ലഹരിമരുന്ന് കേസിലെ പ്രതികൾ ചർച്ച നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം. കേസിൽ സാക്ഷിയായി ഉൾപ്പെടുത്തിയ സുഹാസ് കൃഷ്ണഗൗഡയാണ് ഇതുസംബന്ധിച്ച് ഇ.ഡി.ക്ക് മൊഴി നൽകിയത്.

മുൻആഭ്യന്തര മന്ത്രിയുടെ മകനെന്നനിലയിലും സർക്കാരിൽ സ്വാധീനമുള്ള വ്യക്തിയെന്നനിലയിലുമാണ്ചർച്ച നടത്തിയത്. മുഹമ്മദ് അനൂപും ചർച്ചയിലുണ്ടായിരുന്നു. ബിനീഷിന് നാലുശതമാനംവരെ കമ്മിഷൻ വാഗ്ദാനം ചെയ്തതായി സാക്ഷിമൊഴിയുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ജൂണിൽ നടന്ന ലഹരിപാർട്ടിക്കിടെയാണ് ചർച്ച നടന്നത്. ലഹരിമരുന്നുകേസിൽ നാർകോട്ടിക് കൺേട്രാൾ ബ്യൂറോ (എൻ.സി.ബി.) പ്രതിയാക്കിയ സുഹാസ് കൃഷ്ണ ഗൗഡ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാക്ഷിയാണ്.

സർക്കാർ കരാർപണികളുടെയും മറ്റ് പരിപാടികളുടെയും സ്‌പോൺസർഷിപ്പ് പിടിക്കാൻ ബിനീഷ് തന്നെ ഉപയോഗിച്ചതായി ഒന്നാംപ്രതിയായ മുഹമ്മദ് അനൂപ് മൊഴിനൽകിയിട്ടുണ്ട്. മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷ് എന്നതടക്കം ഇ.ഡി. നേരത്തേ നടത്തിയ കണ്ടെത്തലുകൾ കുറ്റപത്രത്തിൽ ആവർത്തിക്കുകയാണ്.

.മുഹമ്മദ് അനൂപിനെ മുൻനിർത്തിയുള്ള ഇടപാടുകൾ വഴി ബിനീഷ് വൻതുക സമ്പാദിച്ചെന്നും ഈ പണം മറ്റ് ബിസിനസുകളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നും ഇ.ഡി. ആരോപിക്കുന്നു. മുഹമ്മദ് അനൂപിന് ബിനീഷ് കോടിയേരിയുമായുള്ള പണമിടപാടുകളുടെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. 35 മുതൽ 40 ലക്ഷം വരെ രൂപ ബിനീഷ് മുഹമ്മദ് അനൂപിന് നൽകിയതായും എന്നാൽ ആദായനികുതി റിട്ടേണിൽ ഇക്കാര്യം പറയുന്നില്ലെന്നും പറയുന്നു. ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ നടന്ന പാർട്ടിയിൽ എല്ലാവരും ലഹരിമരുന്നുപയോഗിച്ചതായി സുഹാസ് ഗൗഡയുടെ മൊഴിയുള്ളതായി കുറ്റപത്രത്തിലുണ്ട്

2015-ൽ പലതവണകളായി മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് പണം നിക്ഷേപിച്ചു. മുഹമ്മദ് അനൂപിന്റെ സഹോദരന്റെ വിവാഹത്തിനായും വായ്പകൾ തിരിച്ചടയ്ക്കുന്നതിനുമായാണ് പണംനൽകിയതെന്ന് ബിനീഷ് മൊഴി നൽകിയിട്ടുണ്ട്. കേസിൽ ബിനീഷ് കോടിയേരി നാലാംപ്രതിയും എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് ഒന്നാംപ്രതിയുമാണ്. സീരിയൽ നടി അനിഘ രണ്ടാംപ്രതിയും റിജേഷ് രവീന്ദ്രൻ മൂന്നാംപ്രതിയുമാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ബിനീഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.