ന്യൂഡൽഹി: അച്ഛന് വൃക്കദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച മയക്കുമരുന്നുകേസ് പ്രതിയെ ജയിലിൽനിന്ന് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. വൃക്ക നൽകാനാകുമെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ പ്രതിയുടെ ജാമ്യാപേക്ഷ അനുകമ്പയോടെ പരിഗണിക്കാനും മധ്യപ്രദേശ് ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിവിധിക്കെതിരേ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അച്ഛന്റെ വൃക്ക തകരാറിലായെന്നും അത് മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്നും പ്രതി അറിയിച്ചു.

എന്നാൽ, ജാമ്യാപേക്ഷയെ മധ്യപ്രദേശ് സർക്കാർ എതിർത്തു. പ്രതിയുടെ അച്ഛന്റെ കാര്യം മറ്റുമക്കൾ നോക്കിക്കൊള്ളുമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ, അച്ഛനെ നോക്കുന്നതും വൃക്ക നൽകുന്നതും ഒരുപോലെയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തുടർന്നാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടത്.

content highlights: drug case accused expresses wish to donate kidney to father, sc directs medical examination