ന്യൂഡൽഹി: മയക്കുമരുന്ന് അടിമകൾക്കും വ്യക്തിപരമായ ഉപയോഗത്തിനു വേണ്ടി ചെറിയ അളവിൽ അത്‌ കൈവശം വെക്കുന്നവർക്കും ജയിൽശിക്ഷ നൽകരുതെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം. ഇവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള പുനരധിവാസ കേന്ദ്രങ്ങളിൽ ഒരുമാസം നിർബന്ധിത ചികിത്സ നൽകണം. ഈ കുറ്റങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

1985 മുതൽ നിലവിലുള്ള നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമത്തിൽ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് കേന്ദ്ര റവന്യൂ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും അഭിപ്രായം തേടിയപ്പോഴാണ് സാമൂഹിക നീതി മന്ത്രാലയം ഈ നിർദേശങ്ങൾ സമർപ്പിച്ചത്. എൻ.ഡി.പി.എസ്. നിയമത്തിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.

മയക്കുമരുന്ന് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ചികിത്സയ്ക്കോ പുനരധിവാസത്തിനോ സ്വയം തയ്യാറാകുന്ന മയക്കുമരുന്നടിമകൾക്ക് ജയിൽ ശിക്ഷയും പ്രോസിക്യൂഷനും ഒഴിവാക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ആദ്യമായി മയക്കുമരുന്നുപയോഗിക്കുന്നരുടെയും ഇടയ്ക്കുമാത്രം ഉപയോഗിക്കുന്നവരുടെയും കാര്യത്തിൽ ഇളവില്ല.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും കൈവശംവെക്കുന്നവർക്കും ഒരു വർഷംവരെ തടവും 20,000 രൂപ പിഴയുമാണ് എൻ.ഡി.പി.എസ്. നിയമത്തിലെ 27-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. ഈ വകുപ്പനുസരിച്ചാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. മയക്കുമരുന്നടിമകളെയും ആദ്യമായി ഉപയോഗിക്കുന്നവരെയും ഇടയ്ക്കുമാത്രം ഉപയോഗിക്കുന്നവരെയും ഒരുപോലെയാണ് ഈ വകുപ്പ് പരിഗണിക്കുന്നത്. ഇതിൽ ഭേദഗതി വേണമെന്നാണ് സാമൂഹികനീതി മന്ത്രാലയത്തിന്റെ നിർദേശം. ജയിൽശിക്ഷയും പിഴയും ഒഴിവാക്കി, സർക്കാരിന്റെ പുനരധിവാസ, കൺസലിങ് കേന്ദ്രങ്ങളിൽ 30 ദിവസമെങ്കിലും നിർബന്ധിത ചികിത്സ നൽകണമെന്നാണ് ശുപാർശ.

വ്യക്തിപരമായ ഉപയോഗത്തിനായി ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കണമെന്നും നിർദേശമുണ്ട്. എൻ.ഡി.പി.സി. നിയമപ്രകാരം ചെറിയ അളവ് എന്നാൽ ഓരോ മയക്കുമരുന്നിനും കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതിലും കുറവാണ്.

1985-ലാണ് എൻ.ഡി.പി.എസ്. നിയമം നിലവിൽവന്നത്. ഇതനുസരിച്ചുള്ള കേസുകളിലേറെയും വ്യക്തിപരമായ ഉപയോഗത്തിന് മയക്കുമരുന്ന് കൈവശം വെച്ചവയുമായി ബന്ധപ്പെട്ട കേസുകളാണ്.